വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല; വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല; വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ വിവരങ്ങള്‍ വൈകി ലഭ്യമാക്കുന്നത് വിവരങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവരാവകാശ അപേക്ഷകർക്ക് പരമാവധി 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമന്നാണ് നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തില്‍ എന്നുകൂടി പറയുന്നുണ്ട്. എന്നാല്‍ പലപ്പോഴും 30-ാം ദിവസമേ മറുപടി നല്‍കൂ എന്നു പലരും വാശിപിടിക്കാറുണ്ട്. ഇത് ഒരുതരത്തിലും ആശാസ്യമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ അപേക്ഷകളില്‍ സാങ്കേതികമായി മറുപടി നല്‍കുകയല്ല മറിച്ച്‌ അപേക്ഷകർ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കുകയാണു വേണ്ടത്. വിവരാവകാശ ഓഫിസർമാർ തന്നെ അപേക്ഷകള്‍ കുറ്റമറ്റ നിലയില്‍ കൈകാര്യം ചെയ്‌താല്‍ അപ്പീലുകളും കേസുകളുമുണ്ടാകില്ല.

സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ ഉള്‍പ്പെടെ ഫയലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാനാകും. അഞ്ചും ആറും വർഷം പഴക്കമുള്ള ആയിരക്കണക്കിന് ഫയലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ അതുകൊണ്ട് അപേക്ഷകർക്ക് എന്തെങ്കിലും ഫലമുണ്ടാകുമോ? അപേക്ഷകള്‍ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും തീർപ്പാക്കുന്നതില്‍ ഓഫിസർമാർ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം.

ഉദ്യോഗസ്ഥർ ജനപക്ഷത്ത് നിന്നാണ് പ്രവർത്തിക്കേണ്ടതെന്ന ബോധ്യം വിവരാവകാശ ഓഫിസർമാർ ഉള്‍ക്കൊള്ളണം. വലിയ ഉത്തരവാദിത്തം നിർവഹിക്കുന്നവരാണ് വിവരാവകാശ ഓഫിസർമാർ. അവരുടെ ദൈനംദിന ജോലികള്‍ക്ക് പുറമേയാണ്‌ വിവരാവകാശ മറുപടികള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അപേക്ഷകള്‍ നല്‍കുന്നവർ ഒന്നുകില്‍ അവർക്കോ അല്ലെങ്കില്‍ സമൂഹത്തിന് പൊതുവേയോ പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്നതായിരിക്കും അഭികാമ്യം.

വിവരാവകാശ ഓഫിസർമാരുടേയും കമ്മിഷൻ്റെയും ജോലിഭാരത്തില്‍ അയവുണ്ടാകണം. പൊതുഅധികാര കേന്ദ്രങ്ങളിലെ അഴിമതി ഇല്ലാതാക്കുകയും അധികാര കേന്ദ്രങ്ങളെ ജനങ്ങളോട് ഉത്തരവാദിത്വം ഉള്ളവരാക്കി മാറ്റുകയുമാണ് വിവരാവകാശ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അതിൻ്റെ ആമുഖത്തില്‍ തന്നെ പറയുന്നു.

അധികാര കേന്ദ്രങ്ങളിലിരുന്നു വിനിയോഗിക്കുന്ന അധികാരങ്ങള്‍ സ്വയംഭൂവായി ലഭിച്ചതല്ല. അവ ജനങ്ങള്‍ നല്‍കിയതാണ്. അതുകൊണ്ടാണ് എല്ലാ അധികാരികളേയും പബ്ലിക് സർവണ്ട്സ് എന്നു പറയുന്നത്. ജനങ്ങളുടെ സേവകരാണ് എല്ലാവരും. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് തന്നെ ഇന്ത്യക്കാരായ നമ്മള്‍ എന്നാണ്. അതില്‍ നിന്നുതന്നെ ജനങ്ങളാണ്‌ പരമാധികാരികള്‍ എന്നു വ്യക്തമാണ്.

സർക്കാർ നയങ്ങളും പദ്ധതികളും അഴിമതി രഹിതമായും ജനോപകാര പ്രദമായും കാലതാമസം ഇല്ലാതെയും നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവരാണ് ഉദ്യോഗസ്ഥർ. കേരളം ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. അഴിമതി ഒട്ടുമില്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതിന് ജീവനക്കാരും പൊതുജനങ്ങളും തുല്യമായി സഹകരിക്കണം. സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ കൈക്കൂലി വാങ്ങില്ലെന്ന് ഉദ്യോഗസ്ഥർ സ്വയം നിശ്ചയിക്കണം. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടത്തിയെടുക്കാൻ ഉദ്യോഗസ്ഥരെ തെറ്റായി സ്വാധീനിക്കില്ലെന്ന് ജനങ്ങളും തീരുമാനിക്കണം. ഇതു രണ്ടും നടക്കണമെന്നുണ്ടെങ്കില്‍ രണ്ടു കൂട്ടർക്കും ഭരണഘടനയോട് അചഞ്ചലമായ കൂറും നിയമ വ്യവസ്ഥയോട് അതിരില്ലാത്ത വിധേയത്വവുമുണ്ടാകണം.

അഴിമതി ഇല്ലാതാക്കുകയെന്നത് വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യ വാചകങ്ങളിലൊന്നാണ്. രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ 2ജി സ്പെക്‌ട്രം അഴിമതി, ശവപ്പെട്ടി കുംഭകോണം തുടങ്ങിയവ പുറത്തുവന്നത് വിവരാവകാശ നിയമത്തിൻ്റെ പ്രയോഗത്തിലൂടെയാണ്. അഴിമതി രഹിത ജനാധിപത്യ ഭരണ സംവിധാനം യാഥാർഥ്യമാക്കുന്നതില്‍ ഈ നിയമത്തിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ള പൗരന് സാമൂഹ മാറ്റത്തിനുള്ള പ്രവർത്തനത്തിനായുള്ള ശക്തമായ ഉപകരണമായി വിവരാവകാശ നിയമത്തെ മാറ്റാൻ കഴിയുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു.

സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ ഡോ. കെ.എം ദിലീപ്, എ.അബ്ദുള്‍ ഹക്കിം, പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാല്‍ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, വിവരാവകാശ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്‍പശാലയില്‍ പങ്കെടുത്തു.

0Shares