
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിനെ വെള്ള പൂശിക്കൊണ്ടുള്ള മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ പ്രതിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുന്ന തരത്തിലെ അഭിപ്രായ പ്രകടനം എന്നതിനൊപ്പം പൊലീസിനെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് ആര്‍.ശ്രീലേഖ നടത്തിയിരിക്കുന്നത്. ഈ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോവുമ്പോള്‍ മറുവശത്ത് മുന്‍ ഡി.ജി.പിക്കെതിരെ ബഹുജന പ്രതിഷേധവും ഉയര്‍ന്നു വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ജുലൈ 15 ന് എറണാകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം.

എറണാകുളം വഞ്ചി സ്ക്വയര്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കച്ചേരിപ്പടിയില്‍ ഗാന്ധിഭവന് മുന്നില്‍ അവസാനിക്കും. നടിയെ ആക്രമിച്ച കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തില്‍ മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സമരസമിതി ആരോപിക്കുന്നത്.
സമരസമിതിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇങ്ങനെ:
നടിയെ ആക്രമിച്ച കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തില്‍ മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കോടതിയുടെ പരിഗണനയിലുള്ള തെളിവുകള്‍ വ്യാജമാണ് എന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങള്‍ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിൻ്റെ ഭാഗവുമാണ്.
സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടിയതായി ഡി.ജി.പി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നു എന്ന പ്രസ്താവന സര്‍വീസില്‍ ഇരിക്കെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥ ക്രിമിനല്‍ പ്രതിയെ സംരക്ഷിച്ചു എന്ന വെളിപ്പെടുത്തലാണ്.

വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താന്‍ ഒരു ക്രിമിനല്‍ കുറ്റവാളിക്ക് അവസരം ഒരുക്കി കൊടുത്തതിന് സ്ത്രീ സമൂഹത്തോട് അവര്‍ മാപ്പ് പറയണം. പ്രതികളെ സംരക്ഷിച്ചതിന് അവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും നുണപ്രചരണം നടത്തുന്ന യൂട്യൂബ് ചാനല്‍ എപ്പിസോഡ് എടുത്ത് കളയണമെന്നും അതിജീവിതയ്ക്കൊപ്പം കൂട്ടായ്മ ആവശ്യപ്പെടുകയാണ്.
കോടതി നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തി രണ്ട് പബ്ലിക് പ്രോസിക്യൂട്ടറുമാര്‍ രാജി വെച്ചിട്ടുണ്ട്. നിലവിലെ ജഡ്ജിയുടെ കീഴില്‍ കോടതി നടപടികള്‍ നീതിപൂര്‍വ്വം ആകാനുള്ള സാധ്യതയില്‍ ആശങ്കയുണ്ട്. കേസ് അട്ടിമറിക്കാനും എട്ടാം പ്രതി ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവര്‍ക്കെതിരെ കേസെടുത്ത് നിയമ നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം എറണാകുളത്ത് പ്രതിഷേധ സംഗമം നടക്കും.
