
ബ്രിട്ടനിൽ മലയാളി നഴ്സിനെയും മക്കളെയും ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഭർത്താവ് സാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. സാജുവിനെ തിങ്കളാഴ്ച നോർത്താംപ്റ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ച പുലർച്ചെയാണ് കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവിനെയും മക്കളായ ജാൻവി, ജീവ എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഒരു വർഷമായി ലണ്ടനിൽ കുടുംബസമേതം കഴിയുകയായിരുന്നു ഇവർ. കെറ്ററിങ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. അതേസമയം അഞ്ജുവിൻ്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. മുപ്പത് ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ടത്.
അഞ്ജുവിൻ്റെ കുടുംബം സർക്കാർ സഹായം അഭ്യർഥിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നെങ്കിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. അറുപത് വയസ് ആയിട്ടും ഇപ്പോഴും കൂലിവേല ചെയ്താണ് അശോകൻ ജീവിക്കുന്നത്. കെട്ടിട നിർമ്മാണത്തിൽ സഹായിയായും പണികഴിഞ്ഞ് രാത്രിയിൽ ഇത്തിപ്പുഴയിൽ നിന്നും മണൽ വാരിയും പട്ടിണി കിടന്നു വരെ മക്കളെ പഠിപ്പിച്ചു. അങ്ങനെയൊരു മനുഷ്യന് തനിച്ച് സ്വരൂപിക്കാൻ കഴിയുന്നതല്ല 30 ലക്ഷം രൂപ.

തൻ്റെ മകളെയും ചെറുമക്കളെയും അവസാനമായൊന്ന് കാണാനാണ് ഈ മനുഷ്യനിപ്പോൾ കാരുണ്യം തേടി അധികൃതരുടെ മുന്നിൽ അപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിലെ കെറ്ററിങ്ങിലെ മുറിക്കുള്ളിൽ അഞ്ജുവിനെയും ആറും നാലും വയസുള്ള കുഞ്ഞുങ്ങളെയും ഭർത്താവ് സാജു കൊലപ്പെടുത്തിയത്. പൊലീസ് എത്തും വരെ ഇയാൾ ഈ മുറിയിൽ തന്നെയിരുന്നു. പൊലീസ് എത്തിയപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടി.
