
കോട്ടയം: വിവാദ പ്രസ്‌താവവനയിൽ സ്‌പീക്കർ എ.എൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻ.എസ്.എസ്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിൻ്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻ.എസ്.എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻ.എസ്.എസിൻ്റെ ആഹ്വാനം.
എൻ.എസ്.എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡണ്ടുമാർക്ക് അയച്ച സർക്കുലറില്‍ പറയുന്നു.
സർക്കുലറിൻ്റെ പൂർണരൂപം:
നമ്മുടെ ആരാധനാ മൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്‌പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് ‘മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹം പരാമർശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, സ്‌പീക്കർ തന്നെ ആയാലും, ഒരുത്തർക്കും യോജിച്ചതല്ലെന്നും, പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗവണ്‍മെണ്ട് ഭാഗത്ത് നിന്ന് നടപടിയുണ്ടായകണമെന്നും നമ്മൾ ആവശ്യപ്പെട്ടു. അതിനെ നിസ്സാര വത്കരിച്ചുകൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്.

അതിൻ്റെ അടിസ്ഥാനത്തിൽ, നമ്മുടെ വിശ്വാസം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് 2ാം തീയതി വിശ്വാസ സംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. അന്നേദിവസം എൻ.എസ്.എസ് പ്രവർത്തകരും വിശ്വാസികളായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇതിൻ്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷ ജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
ഈ സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും ഇന്നുതന്നെ എത്തിക്കാൻ ആവശ്യമായ നടപടികൾ താലൂക്ക് യൂണിയനുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്.
സ്നേഹപൂർവം
ജി.സുകുമാരൻനായർ ജനറൽ സെക്രട്ടറി നായർ സർവീസ് സൊസൈറ്റി
ഷംസീർ രാജിവെക്കണമെന്ന ആവശ്യപ്പെട്ട എൻ.എസ്.എസിനെ പരിഹസിച്ച് സി.പി.എം രംഗത്തു വന്നിരുന്നു. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞദിവസം പ്രതികരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻ.എസ്.എസിന് സംഘപരിവാറിൻ്റെ സ്വരമാണെന്നും നായർ സമുദായം സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ എൻ.എസ്.എസ് തീരുമാനിച്ചിരിക്കുന്നത്.
ഷംസീർ സ്‌പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻ.എസ്.എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഷംസീർ മാപ്പ് പറയണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
