
കേരളത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കിയെന്നും നിക്ഷേപാനുകൂല സംസ്ഥാനമല്ലെന്നുമുള്ള കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബിന്‍റെ വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കാലഹരണപ്പെട്ടതും വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നത്. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയര്‍ത്തുന്നത് കേരളത്തിനെതിരെ ഉള്ള വാദമാണ്. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണതെന്നും മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: കിറ്റെക്‌സിനെതിരെ ആസൂത്രിത നീക്കം നടത്തുന്നതിനാല്‍ 3500 കോടിയുടെ പദ്ധതി ഉപേക്ഷിച്ചതായി സാബു എം.ജേക്കബ് അറിയിച്ചിരുന്നു. തെലങ്കാന സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ച് പദ്ധതി തെലങ്കാനയില്‍ നടത്താനാണ് സാബുവിന്‍റെ തീരുമാനം.
ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്.
നീതി ആയോഗിന്‍റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ നാലാം സ്ഥാനവും കേരളത്തിന് കൈവരിക്കാനായി.

നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക്‌സ് റിസര്‍ച്ചിന്‍റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു.
നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് . പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. അത്തരം പരിശോധനകള്‍ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.
അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകും.
