
ആക്രമണത്തില്‍ കാലിനേറ്റ പരിക്കേറ്റ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെതെരഞ്ഞെടുപ്പ് ആവേശത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ല. വീല്‍ചെയറിലിരുന്നാണെങ്കിലും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് മമത ബാനര്‍ജി പറയുന്നു. 2-3 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങാമെന്ന് കരുതുന്നുവെന്നും ഒരു യോഗം പോലും മുടക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

തന്‍റെ കാലിന് പരിക്കേല്‍പ്പിക്കാനേ സാധിച്ചുള്ളൂ, ആത്മവിശ്വാസം തകര്‍ക്കാന്‍ കഴിയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, തൃണമൂല്‍ (പ്രവര്‍ത്തകര്‍ സമചിത്തതയോടെ പെരുമാറണമെന്നും മമത ആവശ്യപ്പെട്ടു. കൊല്‍ക്കത്ത എസ്.എസ്.കെ.എം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ വീഡിയോയിലൂടെയായിരുന്നു മമതയുടെ പ്രതികരണം. ഇടത് കണങ്കാലിന് നല്ല പരിക്കേറ്റ മമതയ്ക്ക് ശ്വാസതടസവും നെഞ്ചുവേദനയുമുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് മമതയ്ക്ക് നേരെ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്. കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ മമതയെ പിടിച്ചുതള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണം. നാല് പേര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മമത ബാനര്‍ജി ആരോപിച്ചിരുന്നു.
