
മുസ്‌ലിം വിവാഹ ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ഭക്ഷണത്തിന് സ്ഥലം ഒരുക്കുന്നുവെന്ന നടി നിഖില വിമലിൻ്റെ ആരോപണത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഞങ്ങളുടെ അനുഭവം മറിച്ചാണെന്നും സ്ത്രീകള്‍ പ്രത്യേകം ഒരിടത്ത് ഭക്ഷണസ്ഥലം കാണുന്നുവെന്നല്ലാതെ, മഹാഭൂരിപക്ഷം സ്ഥലത്തും സ്ത്രീകളും കുട്ടികളും പുരുഷന്മാരും കുടുംബത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് കാണാറുള്ളതെന്നും എം. വി ജയരാജന്‍ പറഞ്ഞു.
കല്ല്യാണത്തിന് പോയ ഇടങ്ങളില്‍ സ്ത്രീകളോ പുരുഷന്മാരോയെന്ന പ്രത്യേക വേര്‍തിരിവ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തില്‍ വളരെ മുമ്പ് തന്നെ സ്ത്രീകളോട് വിവേചനം ഉണ്ടായിരുന്നു. വിദ്യാഭ്യാസം പാടില്ലെന്നായിരുന്നു പ്രത്യേകിച്ചും. ഇന്ന് ആ സ്ഥിതി മാറി. മുസ്‌ലിം പെണ്‍കുട്ടികളാണ് മെഡിക്കല്‍ ബിരുദം ഉള്‍പ്പെടെയുള്ള മേഖലയിലുള്ളത്.
കാലങ്ങളായി ആ സമുദായത്തിൻ്റെ നവോത്ഥാന ചിന്തയില്‍ വന്ന മാറ്റങ്ങളുടെ ഫലമായിട്ടാണിതെന്നും എം.വി ജയരാജന്‍ പറഞ്ഞു. സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതാണെന്നും എം.വി ജയരാജന്‍ കൂട്ടിചേര്‍ത്തു.

വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പുരുഷന്മാര്‍ താമസിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. അത് മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ്. അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. ഹിന്ദുസമുദായത്തിലും ചില ആചാരാനുഷ്ടാനങ്ങള്‍ ഉണ്ട്. അതിലും കാലികമായ മാറ്റങ്ങള്‍ പിന്നീട് ഉണ്ടാവുകയാണ് ചെയ്തതെന്നും എം.വി ജയരാജന്‍ പറഞ്ഞു.
