
രാജ്യത്ത് ഇന്ധന വിലവർധനവിനെ കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ സംസാരിക്കാൻ തയ്യാറാവാത്തതിന് പിന്നാലെ ലോക്സഭയിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പെട്രോൾ-ഡീസൽ-പാചകവാതക വിലവർധനവ് ഉണ്ടായതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചത്.
137 ദിവസത്തിന് ശേഷമായിരുന്നു ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചത്. ശൂന്യവേളയിലായിരുന്നു കോൺഗ്രസ് എം.പിയായ ഗൗരവ് ഗൊഗോയ് ഈ വിഷയം ഉന്നയിച്ചത്. കൊവിഡിന് ശേഷം സാധാരണ ജനങ്ങൾക്ക് ജീവിക്കാനാവശ്യമായ സാഹചര്യം രാജ്യത്തുണ്ടായിരിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗൊഗോയ് വിഷയം അവതരിപ്പിച്ചത്.

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആഴ്ചയിൽ മൂന്ന് തവണ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ മുതൽ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷം പുകയുകയാണെന്നും എന്നാൽ ഇപ്പോൾ ആ സംഘർഷത്തെ കൂട്ടുപിടിച്ച് സർക്കാർ വില വർധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യയിലെ ജനങ്ങൾക്ക് ഇനിയും എത്രത്തോളം വിലവർധനവുകൾ താങ്ങാനാകുമെന്ന് ഞങ്ങൾക്കറിയില്ല. ഇന്ത്യയിലെ ജനങ്ങൾ ഒമിക്രോൺ ഭീതിയിൽ നിന്നും മടങ്ങിയെത്തി. ഇപ്പോഴവർക്ക് അവരുടെ ബിസിനസും മറ്റ് ജോലികളും ചെയ്യാൻ കഴിയുന്ന ഒരു അന്തരീക്ഷമാണ് രാജ്യത്ത് വേണ്ടത്. എന്നാൽ ഈ വിലവർധനവുകളെല്ലാം തന്നെ ബിസിനസിൻ്റെ ചെലവ് വർധിപ്പിക്കുന്നു. ഇത് പണപ്പെരുപ്പത്തിലേക്കാണ് രാജ്യത്തെ നയിക്കുക,’ അദ്ദേഹം പറഞ്ഞു.
