
കാസര്‍കോട്: രാജ്യവ്യാപക പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ റെയ്‌ഡിൽ നിരവധിപേർ അറസ്‌റ്റിൽ. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും ലഘുലേഖകളും മാസികകളും ബുക്കുകളും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. പെരുമ്പള കടവത്ത് പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്‌ഡ് നടന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെ ആരംഭിച്ച പരിശോധന 11 മണിവരെ നീണ്ടു.
എന്‍.ഐ.എക്ക് പുറമെ ഇ.ഡി, നാര്‍ക്കോട്ടിക് വിഭാഗങ്ങളും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. സ്ഥലത്ത് സി.ആര്‍.പി.എഫിൻ്റെയും കാസര്‍കോട് പൊലീസിൻ്റെയും കാവല്‍ ഉണ്ടായിരുന്നു. ഒരു പതാക, ബാനര്‍, പുസ്തകം, ബാഡ്‌ജ് എന്നിവ ഓഫീസില്‍ നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ചില ജില്ലാ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയി.

റെയ്‌ഡിൽ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറെനേരം ഓഫീസിന് സമീപത്തെ റോഡില്‍ കുത്തിയിരുന്നു. പരിശോധക സംഘം പോയതിന് പിന്നാലെ പ്രവര്‍ത്തകര്‍ നായന്മാര്‍മൂലയില്‍ ദേശീയപാത ഉപരോധിച്ചു. മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു ഉപരോധം. സംഘപരിവാറിൻ്റെ ഗൂഢാലോചനയുടെ ഭാഗമായാണ് രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്‌ഡ് നടത്തുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.
കേരളത്തില്‍ നിന്നടക്കം 106 പേര്‍ കസ്റ്റഡിയിലായി. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കളില്‍ നിന്ന് ദേശീയ അന്വേഷണ സംഘം മൊഴിയെടുത്തു. കേരളത്തിൽ 25 ഓളം പേർ അറസ്റ്റിലാണ്. ഇതിൽ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ചിലരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യാനും കൂടുതൽ വിശദമായ അന്വേഷണം നടത്താനും എൻ.ഐ.എ തീരുമാനിച്ചതായും വിവരമുണ്ട്.
