നവവധുവിൻ്റെ ആത്മഹത്യ; ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി, മേഘക്ക് നീതികിട്ടാൻ നിയമ പോരാട്ടം തുടരുമെന്ന് ബന്ധുക്കള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നവവധുവിൻ്റെ ആത്മഹത്യ; ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി, മേഘക്ക് നീതികിട്ടാൻ നിയമ പോരാട്ടം തുടരുമെന്ന് ബന്ധുക്കള്‍

തലശ്ശേരി / കണ്ണൂർ: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ നവവധു ഭര്‍തൃവീട്ടില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി. കതിരൂര്‍ നാലാംമൈല്‍ അയ്യപ്പ മഠത്തിനടുത്ത് മാധവി നിലയത്തില്‍ സച്ചിനാണ് (31) തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്‌ച ഉച്ചക്ക് കീഴടങ്ങിയത്.

ഹൈകോടതിയും മുൻകൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. ഇയാളെ കോടതി റിമാണ്ട് ചെയ്‌തു. വൈദ്യ പരിശോധനക്ക് ശേഷം തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.

വിശദമായി ചോദ്യം ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും. നേരത്തേ തലശ്ശേരി ജില്ല സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 12നാണ് സച്ചിൻ്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപര്‍ണികയില്‍ മേഘ (28), ഭര്‍തൃവീടിൻ്റെ മുകള്‍ നിലയില്‍ തൂങ്ങിമരിച്ചത്. മകള്‍ ആത്മഹത്യ ചെയ്‌തത് സച്ചിൻ്റെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കാൻ വയ്യാതെയാണെന്ന് മേഘയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് കതിരൂര്‍ പൊലീസ് സച്ചിനെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മേഘയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയതും മേഘയുടെ സുഹൃത്തിൻ്റെ മൊഴിയും വാദിക്ക് വേണ്ടി ഹാജരായ അഡ്വ. ഗായത്രി കൃഷ്ണൻ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മേഘയുടെ മരണം കതിരൂര്‍ പൊലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

സച്ചിൻ കീഴടങ്ങിയ വിവരമറിങ്ങ് മേഘയുടെ ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. മേഘക്ക് നീതികിട്ടാൻ നിയമ പോരാട്ടം തുടരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

0Shares