
കാസർകോട്: ചൈൽഡ് വെൽഫയർ കമ്മിറ്റി യുടെ സംരക്ഷണയിലുള്ള ഒരു കുടുംബത്തിലെ അഞ്ചു കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാൻ ചെറുവത്തൂരിലെ സുമനസ്സുകൾ കൈകോർത്തു. ചെങ്കള ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കട്ട അഹ്‌മദ് – നസീമ ദമ്പതികളുടെ മക്കൾക്കാണ് ഈ കൊറോണ കാലത്ത് വീട്ടിലിരുന്ന് പഠിക്കാൻ സൗകര്യം ഒരുക്കിയത്.

CWC യുടെ സംരക്ഷണയിൽ കാഞ്ഞങ്ങാട് യതീംഖാനയിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. നല്ലരീതിയിൽ പഠനം തുടരുന്നതിനിടെയാണ് കോവിഡ് 19 മഹാമാരിയും ലോക് ഡൗണും കടന്നു വന്നത്. ഇതോടെ കുട്ടികൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. കഴിഞ്ഞ ഒരു മാസമായി കുട്ടികൾക്ക് പഠനം മുടങ്ങികിടക്കുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സ്വന്തമായി ടി. വി വാങ്ങാനോ കുട്ടികളെ ഓൺലൈൻ ക്ലാസ്സിന്‍റെ ഭാഗമാക്കാനോ സാധിച്ചിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് CWC അംഗങ്ങൾ സുമനസ്സുകളുടെ സഹായം തേടിയത്.
ഉടൻതന്നെ ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവർ എം.പി മനോജ് സുഹൃത്തുക്കളുടെ സഹായത്താൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ പുസ്തകങ്ങളും ടി.വി യും എത്തിക്കുകയായിരുന്നു. 9 , 8 , 5, 4, 2 എന്നീ ക്ലാസ്സുകളിൽ പഠിക്കുന്ന അഞ്ച് കുട്ടികൾക്കാണ് സ്വന്തം,വീട്ടിൽ ഇതോടെ പുതു ലോകം പിറന്നത്.

ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി. പി ശ്യാമളദേവി, CWC അംഗങ്ങളായ അഡ്വ. രജിത, അഡ്വ. പ്രിയ, ചെറുവത്തൂരിൽ നിന്നും എം.പി മനോജ് കുമാർ, ഉദ്ദേശ് കുമാർ, രാമചന്ദ്രൻ മടിവയൽ തുടങ്ങിയവർ കുട്ടികളുടെ വീട്ടിലെത്തിയാണ് പുസ്തകങ്ങളും ടി.വി യും കൈമാറിയത്. ഉടൻതന്നെ ടി.വി ഫിറ്റ് ചെയ്ത് വിക്ടെഴ്സ് ചാനൽ കുട്ടികൾക്ക് കാണിച്ചാണ് അംഗങ്ങൾ മടങ്ങിയത്.
