
ബാലരാമപുരം: ബാലരാമപുരത്ത് വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ കൂട്ടത്തല്ലില്‍ വധുവിൻ്റെ പിതാവിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്‌ച വൈകിട്ട് 7.30ഓടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. ഇതിൻ്റെ വീഡിയോ സോഷ്യല്‍ മീഡയായില്‍ പ്രചരിച്ചു.
തലയ്ക്ക് പരിക്കേറ്റ വധുവിൻ്റെ പിതാവ് അനില്‍കുമാറിനെയാണ് (51) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനില്‍കുമാറും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രശ്നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ വധുവിൻ്റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

ഇയാള്‍ പാര്‍ട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിൻ്റെ പിതാവിന് 200 രൂപ ഉപഹാരമായി നല്‍കി. എന്നാല്‍ വധുവിൻ്റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇയാള്‍ പുറത്തുപോയി സംഘം ചേര്‍ന്നെത്തി ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നവരെയൊക്കെ മര്‍ദ്ദിക്കുകയായിരുന്നു.
വിവാഹ സൽക്കാരത്തിന് എത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലിലേക്ക് കലാശിച്ചു. സംഭമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് കൂട്ടയടി ഒഴിവാക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നല്‍കിയ അഭിജിത്ത് പൊലീസിൻ്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടു. അഭിജിത്തിനെതിരെ മകനെ തല്ലിയ സംഭവത്തില്‍ ഒരു പരാതി നല്‍കിയിരുന്നതായി അനില്‍കുമാര്‍ പറഞ്ഞു.
ഇതിൻ്റെ വൈരാഗ്യത്തിലാകാം അക്രമം എന്നാണ് കരുതുന്നത്. നൂറിലേറെപേര്‍ സംഘടിച്ചെത്തിയാണ് തന്നെ ചവിട്ടി വീഴ്ത്തി മര്‍ദ്ദനം ആരംഭിച്ചതെന്നും വിവാഹം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്നും അനില്‍കുമാര്‍ പറഞ്ഞു.
