ആചാര സ്ഥാനികരോടുള്ള അവഗണന; തീയ്യക്ഷേമസഭ പ്രക്ഷോഭത്തിലേക്ക്; 9ന് ധർണ്ണാസമരം

  • Post category:local news
  • Reading time:1 min read
You are currently viewing ആചാര സ്ഥാനികരോടുള്ള അവഗണന; തീയ്യക്ഷേമസഭ പ്രക്ഷോഭത്തിലേക്ക്; 9ന് ധർണ്ണാസമരം

കാസർകോട്: മലബാറിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികർക്ക് കേരളസർക്കാർ മലബാർ ദേവസ്വം ബോർഡ് വഴി നൽകിവരുന്ന ധനസഹായം ഒരു വിഭാഗം ആചാര സ്ഥാനികർക്ക് ലഭിക്കാതെ അവഗണന നേരിടുകയാണ്. ആചാര സ്ഥാനികരോടുള്ള ഈ അവഗണനയ്ക്കെതിരെ നവംബർ 9 ന് രാവിലെ കോഴിക്കോട് മലബാർ ദേവസ്വം ബോർഡിന് മുന്നിൽ തീയ്യക്ഷേമസഭ ധർണ്ണാസമരം നടത്തും.

2016 മുതൽ ധനസഹായ വിതരണത്തിലുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇക്കാരണത്താൽ 2016 ന് ശേഷം ആചാരംകൊണ്ട സ്ഥാനികർക്ക് പൂർണ്ണമായും ധനസഹായം നിഷേധിക്കുകയാണ്. ഉത്തര മലബാറിലെ ആചാര സ്ഥാനികർക്ക് ആശ്വാസമാകുന്ന പദ്ധതിയിൽ പുതിയ അപേക്ഷ ക്ഷണിച്ച് മുഴുവൻ ആചാര സ്ഥാനികരെയും ഉൾപ്പെടുത്തി സഹായം വിതരണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരത്തിനിറങ്ങുന്നത്.

നിലവിൽ മലബാർ ദേവസ്വം ബോർഡിൻ്റെ ലിസ്റ്റിൽ ഉള്ള സമുദായ ക്ഷേത്രങ്ങൾ സമുദായങ്ങളുടെ സ്വകാര്യ ക്ഷേത്രങ്ങൾ ആണ്. അത്തരം ക്ഷേത്രപരിധിയിലെ സമുദായത്തിൽ കൂട്ടായ്മ നിലനിർത്താനുള്ള സംവിധാനം ആണെന്നും, അതിനാൽ ദേവസ്വം ബോർഡ് ലിസ്റ്റിൽ ഉള്ള സമുദായ ക്ഷേത്രങ്ങൾ പൂർണമായും സമുദായങ്ങൾക്കും പാരമ്പര്യ അവകാശികൾക്കും വിട്ട് നൽകണമെന്നും തീയ്യക്ഷേമസഭ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇതേ അവശ്യങ്ങൾ ഉന്നയിച്ച് നീലേശ്വരം മലബാർ ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ തീയ്യക്ഷേമസഭ ധർണ്ണാസമരം നടത്തിയിരുന്നു. അധികൃതർ നടപടികൾ സ്വീകരിക്കാത്ത പശ്ചാതലത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. ധർണ്ണാ സമരത്തിൽ തീയ്യക്ഷേമസഭ സംസ്ഥാന, ജില്ല, യൂണിറ്റ് കമ്മിറ്റികളിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ധർണ്ണസമരത്തിന് മുഴുവൻ വിശ്വാസി സമൂഹത്തിൻ്റെയും പിൻന്തുണയും പ്രതികരണവും ഉണ്ടാവണമെന്ന് തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

0Shares