യുവ പ്രതിഭകള്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരെ; നവകേരള ഫെല്ലോഷിപ്പ് പരിഗണനയിലെന്ന് ആര്‍.ബിന്ദു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing യുവ പ്രതിഭകള്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപ വരെ; നവകേരള ഫെല്ലോഷിപ്പ് പരിഗണനയിലെന്ന് ആര്‍.ബിന്ദു

കോതമംഗലം: നവകേരള നിര്‍മിതിക്ക് സവിശേഷ അറിവുകള്‍ സംഭാവന ചെയ്യുന്ന, ഗവേഷണം നടത്തുന്ന യുവപ്രതിഭകള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ നല്‍കുന്ന നവകേരള ഫെല്ലോഷിപ്പ് എന്ന ആശയം പരിഗണനയിലെന്ന് മന്ത്രി ആര്‍ ബിന്ദു. മൂവാറ്റുപുഴ മണ്ഡലത്തില്‍ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷി, വ്യവസായം, ആരോഗ്യം, മാലിന്യ സംസ്ക്കരണം തുടങ്ങിയ മേഖലകളില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് യുവാക്കളുടെ പ്രതിഭ ഉപയോഗിക്കുക എന്നുള്ളത് ഏറ്റവും അര്‍ത്ഥപൂര്‍ണമായ നിലയിലാണ് ഈ കേരള സമൂഹം ഏറ്റെടുത്തിരിക്കുന്നത്. അതിൻ്റെ മാറ്റവും ഈ സംസ്ഥാനത്തുണ്ടാകും.

നമ്മുടെ ഏറ്റവും വലിയ മൂലധനം വിദ്യാഭ്യാസമാണ്. ആ വൈജ്ഞാനിക മൂലധനം ഉപയോഗിച്ച്‌ കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശമാണ് സര്‍ക്കാരിനുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ 6000 കോടി രൂപയുടെ നിക്ഷേപം നടത്തി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനം സാധ്യമാക്കി വരുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി കേരളത്തെ ഉന്നത വിദ്യാഭ്യാസഹബ്ബാക്കാൻ സര്‍ക്കാര്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച 21 കലാലയങ്ങള്‍ നിലകൊള്ളുന്നത് കേരളത്തിലാണ്. കേരളത്തിലെ 120 കലാലയങ്ങള്‍ എ ഗ്രേഡിന് മുകളില്‍ നിലവാരമുള്ള കലാലയങ്ങളാണ്. ഏറ്റവും മികച്ച ക്ലാസ് റൂമുകളും പരീക്ഷണശാലകളും വായനശാലകളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പാക്കുന്നു.

തൊഴില്‍ നൈപുണ്യത്തിനായി പ്രത്യേക പരീശീലനവും സംരംഭകരാകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു. യുവാക്കളുടെ സംരംഭക ആശയങ്ങള്‍ സാക്ഷാത്കരിക്കാൻ സ്റ്റാര്‍ട്ട് അപ്പ് മിഷൻ നിലവില്‍ വന്നതടക്കം പല സംരംഭക സൗഹ്യദ നടപടികളും കേരളത്തിലെ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്തി. വിദേശ രാജ്യങ്ങളിലടക്കം കേരളത്തിലെ സംരംഭങ്ങള്‍ക്കും , സംരംഭകര്‍ക്കും സ്വീകാര്യത ലഭിക്കുന്ന വാര്‍ത്തകള്‍ ഇന്ന് പുറത്ത് വരുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലെ വികസനത്തോടൊപ്പം അതി ദാരിദ്ര്യ നിര്‍മാര്‍ജനവും സര്‍ക്കാരിൻ്റെ ലക്ഷ്യമാണ്. വീടില്ലാത്തവര്‍ക്ക് ഭവനപദ്ധതി, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, പട്ടയമില്ലാത്തവര്‍ക്ക് പട്ടയം, സൗഖ്യം നിറഞ്ഞ വാര്‍ധക്യത്തിന് പെൻഷൻ തുടങ്ങിയവ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തി സമഗ്ര വികസനമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

0Shares