
തിരുവനന്തപുരം: മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴിയിലേക്ക് നയിച്ചത് ഭർത്താവ് നവീൻ ആണെന്നാണ് സൂചന.
പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്‌ക്ക് നവീൻ മൃതദേഹത്തിൻ്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചു കൊടുത്തിരുന്നതായും കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് വട്ടിയൂർക്കാവ് മേലത്തുമേലെ എം.എം.ആർ.എ 198 ശ്രീരാഗത്തില്‍ ആര്യ.ബി നായർ (29), ആയുർവേദ ഡോക്‌ടർമാരായ കോട്ടയം മീനടം നെടുംപൊയ്‌കയില്‍ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എം.എം.ആർ.എ സി.ആർ.എ കാവില്‍ ദേവി (39) എന്നിവരെയാണ് ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആര്യയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മൂന്നുപേരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. അടുത്ത മാസം ഏഴിനാണ് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം 27 മുതല്‍ ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻ്റെർനെറ്റില്‍ തെരഞ്ഞതായും പൊലീസ് കണ്ടെത്തിയിരുന്നു.
‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു’ എന്ന കുറിപ്പും നാട്ടില്‍ വിവരം അറിയിക്കേണ്ടവരുടെ ഫോണ്‍ നമ്പറും മേശയുടെ പുറത്ത് വച്ചിരുന്നു. സി.സി.ടി.വിയില്‍ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല. എന്നാല്‍, എങ്ങനെ മരിക്കണമെന്ന് ഇവർ യൂട്യൂബ് വീഡിയോകള്‍ പരിശോധിച്ചതായി കണ്ടെത്തി. നവീനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിൻ്റെ നീക്കം.
ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ. ദേവി മുമ്പ് ഇവിടെ അധ്യാപികയായി ജോലി ചെയ്‌തിരുന്നു. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറില്‍ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ റസ്റ്ററണ്ടിലെത്തി ആഹാരം കഴിച്ച ഇവരെ കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാർ അന്വേഷിച്ചു ചെല്ലുകയായിരുന്നു. മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയില്‍ മരിച്ചു കിടക്കുകയായിരുന്നു. നവീൻ്റെ മൃതദേഹം ശുചിമുറിയിലായിരുന്നു.
ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂന്നുപേരുടെയും മരണം. പ്രശസ്‌ത വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവൻ്റെയും ക്രൈസ്റ്റ് നഗർ സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണ് ദേവി. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് റിട്ട. ഉദ്യോഗസ്ഥൻ അനില്‍കുമാറിൻ്റെയും മഞ്ജുവിൻ്റെയും മകളാണ് ആര്യ.
