മതം മാറാൻ സമ്മതിച്ചില്ല; തിരുവനന്തപുരത്ത് നവവരനെ ഭാര്യയുടെ സഹോദരനും സംഘവും തല്ലിച്ചതച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മതം മാറാൻ സമ്മതിച്ചില്ല; തിരുവനന്തപുരത്ത് നവവരനെ ഭാര്യയുടെ സഹോദരനും സംഘവും തല്ലിച്ചതച്ചു

തിരുവനന്തപുരത്ത് പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാൻ വിസമ്മതിച്ചതിനാൽ് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുനിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ തലച്ചോറിന് ക്ഷതമേറ്റ മിഥുൻ ഇപ്പോൾ ചികിത്സയിലാണ്. ചിറയിൻകീഴ് ബീച്ച് റോഡിൽ വെച്ച് ഒക്ടോബർ 31 നായിരുന്നു സംഭവം.

ലത്തീൻ ക്രൈസ്തവ വിശ്വാസിയാണ് മിഥുൻ്റെ ഭാര്യ ദീപ്തി. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. ഒക്ടോബർ 29നായിരുന്നു ഇരുവരുടേയും വിവാഹം. വീട്ടുകാർ എതിർത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരൻ പള്ളിയിൽ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിൻകീഴിലേക്ക് വിളിച്ചുവരുത്തിയത്.

ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിൻ്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്.

പരിക്കേറ്റ മിഥുനെ ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഡാനിഷിന് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.

0Shares