
റഷ്യയുമായുള്ള യുദ്ധത്തിൽ ഒറ്റപ്പെട്ട് ഉക്രൈൻ. അംഗരാജ്യമല്ലാത്ത ഉക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോർത്ത് അറ്റ്‌ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ) തീരുമാനം. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് ഉക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിക്കുന്നു.

നാറ്റോ സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിന് വഴി വച്ചേനെ എന്നും വിദേശകാര്യവിദഗ്ധർ നിരീക്ഷിക്കുന്നു. അതേസമയം, ബെലാറസ് വളരെ നിർണായകമായ ഒരു പ്രഖ്യാപനവും നടത്തുന്നു. നേരത്തേ യുദ്ധത്തിൽ പങ്കുചേരാൻ ഇല്ലെന്ന് പ്രഖ്യാപിച്ച ബെലാറസ് ആവശ്യമെങ്കിൽ യുക്രൈനെതിരെ റഷ്യയ്ക്ക് ഒപ്പം സൈന്യം അണിചേരും എന്ന് പ്രഖ്യാപിക്കുന്നു.
രാവിലെ പല വ്യോമത്താവളങ്ങളിലേക്കും നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ സൈന്യത്തോടൊപ്പം ബെലാറഷ്യൻ സൈന്യവും ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ആ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ബെലാറസ് ഇപ്പോൾ.
നാറ്റോ രാജ്യങ്ങളിലൊന്ന് പോലും സ്വതന്ത്രമായിപ്പോലും സൈനികസഹായം നൽകുമെന്ന് പറയുന്നില്ല. ആക്രമണം തുടങ്ങി പന്ത്രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ റഷ്യൻ യുദ്ധം അപലപനീയം പക്ഷേ, തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോ നിലപാട്. പത്ത് ഖണ്ഡികകളുള്ള ഒരു പ്രസ്താവനയാണ് നാറ്റോ അംഗരാജ്യങ്ങൾ സംയുക്തമായി യോഗത്തിന് ശേഷം പുറത്തുവിട്ടത്.
