
കാസർകോട്: ജില്ലയിൽ നിന്ന് ജോലിക്രമീകരണപ്രകാരവും അന്യത്ര സേവന വ്യവസ്ഥയിലും മാറിപോകുന്ന ജീവനക്കാരുടെ സ്ഥലം മാറ്റം റദ്ദ് ചെയ്ത് അടിയന്തരമായി തിരിച്ചു വിളിക്കേണ്ടതാണെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇക്കാരണങ്ങളാല്‍ പല ഓഫീസുകളുടെയും പ്രവര്‍ത്തനം താളം തെറ്റുകയാണ്. ജില്ലയില്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ സ്ഥലം മാറ്റം അനുവദനീയമല്ല.
ജീവനക്കാരുടെ അഭാവം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന സാഹചര്യത്തില്‍ ശമ്പളം ഇവിടെ നിന്ന് കൈപ്പറ്റി സ്വന്തം ജില്ലയില്‍ ജോലി ചെയ്യുന്ന ക്രമീകരണം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
നവീകരിക്കുന്ന ദേശീയ പാതയില്‍ കൂടുതല്‍ അടിപ്പാതകള്‍ വേണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ചെര്‍ക്കള-ചട്ടഞ്ചാല്‍ പ്രദേശത്ത് സര്‍വീസ് റോഡിനായി കൂടുതല്‍ ഭൂമി ലഭ്യമാക്കണമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. ദേശീയപാതാ വികസനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പദ്ധതിയുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് എം. എല്‍. എ പറഞ്ഞു.
കാസര്‍കാേട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം നീണ്ടുപോകുന്നത് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. 2018-19വര്‍ഷത്തിലെ ബഡ്ജറ്റ് വിഹിതമായ ഏഴ് കോടിക്ക് അനുസൃതമായ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും തുടര്‍നിര്‍മ്മാണങ്ങള്‍ നടത്താനാകും വിധമുള്ളതായിരിക്കണം എസ്റ്റിമേറ്റെന്നും എം.എല്‍.എ പറഞ്ഞു. കാസര്‍കോട് വിദ്യാഭ്യാസ സമുച്ചയത്തിന് പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയ തുക പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്തുകള്‍ക്ക് വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യേണ്ടുന്ന കടമ്പകള്‍ ഭൂഉടമകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി എം.എല്‍.എ പറഞ്ഞു. അങ്ങനെ നല്‍കുന്ന ഭൂമിയുടെ ആധാരം ചെയ്യുന്നതിന് ചിലവാകുന്ന തുക പഞ്ചായത്തുകള്‍ വഹിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രതിനിധി അറിയിച്ചു.
ഏതൊരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടാലും അതിനുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുന്നത് നിര്‍മ്മാണങ്ങള്‍ വൈകുന്നതിന് കാരണമാകുന്നതായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ഓരോ പദ്ധതിക്കും തുക വകയിരുത്തിയിട്ടും നിര്‍മ്മാണം നീണ്ടു പോകുന്നത് ആശാസ്യമല്ല. എടത്തോട് – നീലേശ്വരം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം ഗൗരവമേറിയതാണ്. ഹൊസ്ദുര്‍ഗ് കോട്ട പുരാവസ്തു സ്മാരകം എന്ന നിലയില്‍ സംരക്ഷിക്കണമെന്ന് എം. എല്‍ എ പറഞ്ഞു.
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയില്‍ പള്ളിക്കര മേല്‍പാലത്തിലെ കുഴികള്‍ അടക്കണം. കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസില്‍ പോകുന്നവര്‍ പഴയ ബസ്റ്റാന്റില്‍ ഇറങ്ങേണ്ടി വരുന്നുണ്ട്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലേക്ക് കൂടി സ്വകാര്യ ബസുകള്‍ സര്‍വീസ് നീട്ടണം. നീലേശ്വരം ബസ് സ്റ്റാന്റിലേക്ക് കയറാതെ ബസുകള്‍ ദേശീയ പാത വഴി പോകുന്നതായും ഇത് തടയാന്‍ ആര്‍.ടി.എ യോഗത്തില്‍ നടപടിയുണ്ടാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതായ മാധ്യമവാര്‍ത്തകള്‍ ഗൗരവമായി കാണമെന്നും തകര്‍ന്നു കിടക്കുന്ന റോഡുകളും പാലങ്ങളും എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്നും നിര്‍ദേശിച്ചു.
ലാഭകരമായ റൂട്ടുകളില്‍ മാത്രം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന രീതി ശരിയല്ലെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൊതുഗാതഗത സംവിധാനം ഉപയോഗിക്കാന്‍ സാഹചര്യമുണ്ടാകണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. നഷ്ടമുള്ള റൂട്ടില്‍ സര്‍വീസ് നടത്താന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രമേ ലാഭകരമായ റൂട്ടിലെ ഓട്ടത്തിന് മുന്‍ഗണന നല്‍കേണ്ടൂവെന്നും അടുത്ത ആര്‍.ടി.എ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകണമെന്നും നിര്‍ദേശിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രി ഫാബ്രിക്കേറ്റഡ് മാതൃകയിലുള്ള ടി.ബി.സെന്റര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണം. ഐസോലേഷന്‍ വാര്‍ഡും ഇവിടെ തയ്യാറാക്കേണ്ടതുണ്ട്. ആശുപത്രി വളപ്പില്‍ സൗകര്യമില്ലെങ്കില്‍ പുറത്ത് അതിന് സൗകര്യമുള്ള സ്ഥലം കണ്ടെത്തണം. ജനറല്‍ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോര്‍ട്ടം എത്രയും വേഗം പുനരാരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ഒരു അസി.സര്‍ജനെ നിയമിച്ചിട്ടുണ്ട്.

തെരുവ് നായ പ്രതിരോധത്തിനായി മംഗല്‍പാടി, മുളിയാര്‍, ഒടയഞ്ചാല്‍ എന്നിവിടങ്ങളില്‍ എ ബി സി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന് സ്റ്റാര്‍ട്ട് പദ്ധതി ആരംഭിച്ചു. ആവശ്യമെങ്കില്‍ പട്ടി പിടുത്തത്തില്‍ പരിശീലനം നല്‍കി പ്രത്യേക ടീമിനെ സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ജില്ലയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ അഭാവം പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു. വളര്‍ത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും സൗകര്യം ലഭ്യമാകുന്നുണ്ട്. വെറ്റിനറി ഉപകേന്ദ്രങ്ങളിലാണ് ജീവനക്കാരുടെ അഭാവം ബാധിക്കുന്നതെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ്.മായ, എ.ഡി.എം എ.കെ.രമേന്ദ്രന്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
