പൊയിനാച്ചി ജംഗ്ഷനില്‍ ദേശീയപാതാ വികസനം: പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കും; നിര്‍ദ്ദേശം എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍

  • Post category:local news
  • Reading time:1 min read
You are currently viewing പൊയിനാച്ചി ജംഗ്ഷനില്‍ ദേശീയപാതാ വികസനം: പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കും; നിര്‍ദ്ദേശം എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍

കാസർകോട്: ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊയിനാച്ചി ജംഗ്ഷനില്‍ നടത്തേണ്ട പ്രവര്‍ത്തികള്‍ സംബന്ധിച്ച് പുതിയ പ്രൊപ്പോസല്‍ ദേശീയപാത അതോറിറ്റിയ്ക്ക് സമര്‍പ്പിക്കും. ജംഗ്ഷനില്‍ ഫ്ളൈഓവറോ മേല്‍പാതയോ നിര്‍മിക്കുന്നതിന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു.

പൊയിനാച്ചി ജംഗ്ഷനില്‍ ഫ്ളൈഓവര്‍ അല്ലെങ്കില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന മേല്‍പാത വേണമെന്ന് സമരസമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയ പാത അതോറിറ്റി കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പുനിത്കുമാര്‍, തിരുവനന്തപുരം ദേശീയപാത അതോറിറ്റി റീജ്യണല്‍ ഡി.ജി.എം ടി.എസ്.ജയരാജ്, ലെയ്സണ്‍ ഓഫീസര്‍ കെ.സേതുമാധവന്‍ നായര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, എ.ഡി.എം എ.കെ.രമേന്ദ്രന്‍, ഡപ്യൂട്ടി കളക്ടര്‍ എല്‍ എ എന്‍.എച്ച്.ഫിലിപ്പ് ചെറിയാന്‍, സമരസമിതി പ്രതിനിധികളായ ഹരീഷ് ബി നമ്പ്യാര്‍, ടി.കൃഷ്ണന്‍, എം.രാഘവന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, രാജന്‍ കെ പൊയിനാച്ചി, രമ ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊയിനാച്ചി ജംഗ്ഷനില്‍ നിന്ന് 170 മീറ്റര്‍ മാറി ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍ പാസ് ആണ് നിലവിലുള്ള പദ്ധതി. ഇത് ഉയരം കൂട്ടി പൊയിനാച്ചി ജംഗ്ഷനിലേക്ക് മാറ്റുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് സമരസമിതി അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം ഫ്ളൈഓവര്‍, സര്‍വീസ് റോഡുകളെ ബന്ധിപ്പിക്കുന്ന വെഹിക്കിള്‍ ഓവര്‍ പാസ് എന്നീ പ്രൊപ്പോസല്‍ കൂടി ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുന്നതിന് യോഗം നിര്‍ദ്ദേശിച്ചത്.

പൊയിനാച്ചി ജംഗ്ഷനില്‍ 55 ദിവസമായി സമരസമിതി പ്രക്ഷോഭത്തിലാണെന്നും സമരം അവസാനിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി അടിയന്തരമായ ഇടപെടല്‍ നടത്തണമെന്നും എം.എല്‍.എ പറഞ്ഞു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതോടൊപ്പം ദേശീയപാത വികസനത്തെ തടസ്സപ്പെടുത്താനുള്ള യാതൊരു നീക്കത്തെയും അംഗീകരിക്കില്ലെന്നും എ.ഡി.എം അറിയിച്ചു.

0Shares