നീലേശ്വരത്ത് ഉയരുക സ്നേഹത്തണലിലെ അമ്മമാർ ഒരുക്കിയ ദേശീയ പതാകകൾ

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരത്ത് ഉയരുക സ്നേഹത്തണലിലെ അമ്മമാർ ഒരുക്കിയ ദേശീയ പതാകകൾ

കാസർകോട്: നീലേശ്വരം നഗരസഭയിലെ സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തവണ ഉയരുന്ന ദേശീയ പതാകകളിൽ നീലേശ്വരം സ്നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യാറാക്കിയ പതാകകളും. നീലേശ്വരം നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്സ് സ്കൂളിലെ വിദ്യാർഥികളുടെ അമ്മമാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രമാണ് സ്നേഹത്തണൽ.

നീലേശ്വരം ആലിൻകീഴ് വായനശാലയ്ക്ക് സമീപമാണ് സ്നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള എട്ട് അമ്മമാരാണ് ഇവിടെയുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് പതാക നിർമാണം പുരോഗമിക്കുന്നത്.

300 ദേശീയപതാകകളാണ് ഇവിടെ തയ്യാറാക്കുന്നത്. നീലേശ്വരം നഗരസഭയിലെ വിവിധ സ്കൂളുകൾ, വ്യാപാര വ്യവസായ സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവർക്ക് പതാകകൾ കൈമാറും. 20 ഇഞ്ച് വീതിയിലും 30 ഇഞ്ച് നീളത്തിലുമാണ് പതാക നിർമിക്കുന്നത്. 30 രൂപയാണ് പതാകയുടെ വില.

തിരുപ്പൂരിൽ നിന്നാണ് പതാകയ്ക്കുള്ള തുണി എത്തിച്ചത്. ആഗസ്റ്റ് 13നകം ആവശ്യക്കാരില്‍ എത്തിക്കാന്‍ പതാക നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. പതാക കൂടാതെ കുട , തുണി സഞ്ചി നിർമാണവും ഇവിടെ നടക്കുന്നു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തനുബന്ധിച്ച് കുടുംബശ്രീ അമ്പത് ലക്ഷം പതാകകളാണ് തയാറാക്കി വിതരണം ചെയ്യുന്നത്.

0Shares