
കാസർകോട്: മോഷണാരോപണം ഉയർത്തി മാനസികമായി കൊടിയ പീഡനം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നാൽത്തടുക്കയിലെ ജസീലയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ യൂത്ത് ലീഗ് സംഘം ജസീലയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. നിയമ പോരാട്ടത്തിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് നേതാക്കൾ അറിയിച്ചു. ചെയ്യാത്ത തെറ്റിൻ്റെ പേരിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയൽവാസികളും, കൂടാതെ ഭർത്താവും അദ്ദേഹത്തിൻ്റെ കുടുംബവും ചേർന്ന് മോഷണാരോപണം ഉന്നയിച്ചതോടെ ജസീല മാനസികമായി തകർന്നുവെന്നാണ് ആരോപണം. തുടർച്ചയായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും നേതാക്കൾ പറഞ്ഞു.
ഈ കേസിൽ പോലീസിൻ്റെ ഭാഗത്ത് നിന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും, ലോക്കൽ പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്നും നേതാക്കൾ വിമർശിച്ചു. സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സ്വതന്ത്രവും സുതാര്യവുമായ ഉന്നതതല അന്വേഷണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി കബീർ, ജില്ലാ ഭാരവാഹികളായ എം.ബി ഷാനവാസ്, എം.എ നജീബ്, പൈച്ചു ചെർക്കള, ജമാഅത്ത് കമ്മിറ്റി ട്രഷറർ അഷാഫ് നാൽത്തടുക്ക, ഫാറൂഖ് ബെള്ളൂറടക്ക, യൂത്ത് ലീഗ് നാൽത്തടുക്ക ശാഖ ഭാരവാഹികളായ മച്ചു നാൽത്തട്ക്ക, ബച്ചി ബെർള, സാലിഹ് എം.ഡി,ബാത്തിഷ തുടങ്ങിയവർ സംബന്ധിച്ചു.
