
കാസർകോട്: ആരോഗ്യ വകുപ്പിൽ ജില്ലയിൽ 301 ഒഴിവുകളുണ്ട്. ഡോക്ടർമാരുടെ ഒഴിവുകൾ 72. ഡോക്ടർമാർ 323 വേണ്ടയിടത്ത് 251 പേരാണുള്ളത്. ഹെൽത്ത് ഇൻസ്‌പെക്ടർ (22 എണ്ണം), സ്റ്റാഫ് നഴ്‌സ് (24), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (79) ഒഴിവുകളാണുള്ളത്. മൊത്തം 2177 ജീവനക്കാർ വേണമെന്നിരിക്കെ ഇപ്പോഴുള്ളത് 1876 പേർ.
കാസർകോട് ജില്ലയിൽ നിയമിക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം നൽകില്ലെന്ന സർക്കാർ നയം പാലിക്കപ്പെടുന്നില്ല. ഈ ജില്ലയിൽ നിയമിക്കപ്പെടുന്നവർക്ക് പതിനായിരം രൂപ ഇൻസെണ്ടിവ് നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും പ്രായോഗികമായിട്ടില്ല.
പി.എസ്.സി വഴി ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ലഭിക്കാൻ സാങ്കേതികത്വം തടസ്സമാകുന്ന സാഹചര്യത്തിൽ താത്കാലിക നിയമനം കാസർകോട് ജില്ലയിൽ എളുപ്പമാകുന്നില്ല.

മംഗലാപുരമടക്കം കർണ്ണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പഠിച്ചവരാണ് ജില്ലയിൽ സേവനം ചെയ്യാനായി കാത്തിരിക്കുന്ന ഡോക്ടർമാരും ടെക്നീഷ്യന്മാരും.
കർണ്ണാടകയിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്ക് കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നൽകാത്തതിനാൽ താത്കാലിക അടിസ്ഥാനത്തിലും ഡോക്ടർമാരെയും ജീവനക്കാരെയും ലഭിക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ ബിരുദം കേരള മെഡിക്കൽ കൗൺസിൽ അംഗീകരിക്കണമെന്ന് നിയമസഭയ്ക്കകത്തും പുറത്തും നിരന്തരമായി ആവശ്യപ്പെട്ടു വരുന്നതായി എം.എൽ.എ അറിയിച്ചു.
ഡോക്ടർമാരും ജീവനക്കാരുമില്ലാതെ ദുരിതം പേറുന്ന കാസർകോടിൻ്റെ നോവ് മനസ്സിലാക്കി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ എൻ.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
