
പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സി.എച്ച് നാഗരാജു പ്രതികരിച്ചു.
മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. ഭഗവല്‍ സിങ് കത്തി വാങ്ങിയ കടക്കുള്ളിൽ പരിശോധന നടത്തി.

പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലുള്ള കടയില്‍ നിന്നാണ് ഭഗവല്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയത്.
മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നുണ്ട്. ഇതിനുമുമ്പും ഷാഫി സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നു എന്നാണ് വിവരം. എറണാകുളം സ്വദേശിനികളായ രണ്ട് സ്ത്രീകളുടെയും ഇവര്‍ക്കൊപ്പം പോയ പുരുഷൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ഇലന്തൂരില്‍ എത്തിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്നും പൊലീസ് പറഞ്ഞു.
ലൈംഗിക വൃത്തിക്ക് വേണ്ടിയാണ് ഇലന്തൂരില്‍ പോയതെന്നാണ് സ്ത്രീകള്‍ പൊലീസിന് നല്‍കിയ മൊഴി. ഷാഫി ഉപയോഗിച്ചിരുന്ന എസ്.യു.വി വാഹനത്തില്‍ ഇയാള്‍ക്കൊപ്പം ആയിരുന്നു യാത്ര. ലൈംഗിക വൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നല്‍കാമെന്ന് പറഞ്ഞതു കൊണ്ടാണ് അയാള്‍ക്കൊപ്പം പോയതെന്നും സ്ത്രീകള്‍ മൊഴി നല്‍കി.

ഷാഫിയുമായി ഇവര്‍ക്ക് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.
തെളിവെടുപ്പിനായി ഭഗവല്‍സിംഗ്, ലൈല എന്നിവരുമായി പൊലീസ് ഇലന്തൂരിലേക്കും ഷാഫിയുമായി കടവന്ത്രയില്‍ നിന്നുള്ള സംഘം ചങ്ങനാശേരിയിലേക്കും പോയിട്ടാണ് തെളിവെടുപ്പ് നടത്തിയത്. പത്മയുടെ പാദസരം എറിഞ്ഞു കളഞ്ഞത് ചങ്ങനാശേരി രാമന്‍കരി സ്റ്റേഷന്‍ പരിധിയിലാണ് എന്നാണ് ഷാഫിയുടെ വെളിപ്പെടുത്തല്‍. ഇത് കണ്ടെത്തലാണ് ലക്ഷ്യം. പൊലീസ് മുങ്ങല്‍ വിദഗ്‌ദരും രണ്ട് സംഘങ്ങളിലുമുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്.
