
കുറ്റിക്കോൽ /കാസർകോട്: കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്‍റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത. ഇന്ന് രാവിലെയാണ് കാസർകോട് ജില്ലയിലെ മലയോര മേഖലയായ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 12ആം വാർഡ് അംഗവും കുറ്റിക്കോൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജോസ് പാറത്തട്ടേലിന്‍റെ ഭാര്യ ജിനോ ജോസ് വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.

മൂന്ന് ദിവസം മുന്‍പ് വിഷം കഴിച്ചു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിനോ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. വിഷം അകത്ത് ചെന്ന് മരിച്ചതാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചുവെങ്കിലും ആത്മഹത്യയാണോയെന്നത് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
ജോസ് സ്ഥിരം മദ്യപിച്ചു വരുന്നതിനെ ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഗാർഹിക പീഡനം മൂലമാണ് ജിനോ ജോസ് മരിച്ചതെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും സി.പി.എം, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളും ആവശ്യമുന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ജിനോ കൊട്ടോടി കുടുംബൂർ സ്വദേശിനിയാണ്. നാല് മക്കളുണ്ട്.
