
മൈസൂരു കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്കെന്ന് സൂചന. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് കർണാടകയിൽ വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു.പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം നൽകുമെന്ന് ഇന്ന് കർണാടക ദക്ഷിണമേഖല ഐ.ജിയും അഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് കേസിലെ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്കെന്ന വിവരം പുറത്തു വരുന്നത്. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് വിദ്യാർത്ഥിനിയേയും ആൺസുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാർത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണമാണ് മലയാളികളിലേക്ക് നീങ്ങുന്നത്.

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവർ ലൊക്കേഷനിൽ ആക്ടീവ് ആയിരുന്ന ഇരുപത് നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്. ഈ ഇരുപത് നമ്പറുകളിൽ ആറെണ്ണം പിന്നീട് ലൊക്കേഷനിലെന്ന് കണ്ടെത്തി. ഇതിൽ മൂന്ന് നമ്പറുകൾ മലയാളി വിദ്യാർത്ഥികളുടേയും മറ്റൊന്നു ഒരു തമിഴ്നാട് സ്വദേശിയുടേതുമാണെന്ന് വ്യക്തമായി.
മൈസൂരു സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ തേടി പൊലീസ് ക്യാംപസിലെത്തി. എന്നാൽ തലേ ദിവസം നടന്ന പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ല എന്നാണ് അധികൃതർ പൊലീസിനെ അറിയിച്ചത്. ഹോസ്റ്റലിൽ നിന്നും ബാഗുമായി ഇവർ പോയി എന്ന് ഇവരെ വിവരം കിട്ടിയതോടെ ഇവർ കർണാടക വിട്ടുവെന്ന നിഗമനത്തിലാണ് പൊലീസ് പ്രതികളായ നാല് പേർക്കുമായി കർണാടക പൊലീസിൻ്റെ രണ്ട് സംഘങ്ങൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പോയെന്നാണ് വിവരം.
