
ഒഡീഷയിൽ വിരുന്നിനിടെ മട്ടൺ കറി വിളമ്പാത്തതിനെത്തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിൻമാറി. ഒഡീഷയിലെ സുകിന്ദയിലാണ് സംഭവം. ബുധനാഴ്ച വധുവിന്‍റെ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയതായിരുന്നു വരനായ രമാകാന്ത് പത്രയും കുടുംബവും. സുകിന്ദയിലെ ബന്ദഗോൺ ഗ്രാമത്തിലെ വധുവിന്‍റെ വീട്ടിലെത്തിയ വരനെയും കുടുംബത്തെയും ആർഭാഡത്തോടെ വീട്ടിലേക്ക് ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്തിരുന്നു.

പീന്നീടാണ് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചത്. ഭക്ഷണം വിളമ്പുന്നതിന് മുൻപ് തന്നെ വരന്‍റെ കുടുംബത്തിലെ ചില ആളുകൾ മട്ടൺ കറി ആവശ്യപ്പെട്ടിരുന്നു. മട്ടൺ കറി തയാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്‍റെ ബന്ധുക്കൾ വധുവിന്‍റെ കുടുംബവുമായും പാചകക്കാരുമായും വഴക്കുണ്ടാക്കി. വാക്ക്തർക്കം കണ്ട് അവിടെയെത്തിയ പത്ര മട്ടൺ കറി തയാറായില്ലെന്ന് അറിഞ്ഞതോടെ വിവാഹം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് വരനോടും കുടുംബത്തോടും വധുവിന്‍റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും അതിന് തയാറാകാതെ വരനും കുടുംബവും സുകിന്ദയിലെ ബന്ധുവിന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ ബുധനാഴ്ച രാത്രി തന്നെ പത്ര മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതിന് ശേഷമാണ് സികുന്ദയിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
