
കാസർകോട്: മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം. കാഞ്ഞങ്ങാട് സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനവും വർഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം ഉയർന്നത്.
അന്യമത വിദ്വേഷ മുദ്രാവാക്യം പ്രവർത്തകൻ വിളിച്ചു കൊടുക്കുമ്പോൾ മറ്റുള്ളവർ അത് ആവേശത്തോടെ ഏറ്റു വിളിക്കുന്നുമുണ്ട്. ചൊവാഴ്‌ച വൈകിട്ടാണ് കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടന്നത്. ഇതിൻ്റെ വീഡിയോ പുറത്തുവന്നതോടെ ഐ.ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദ മുദ്രാവാക്യം വിളികൾ. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്‌തത്.
വര്‍ഗീയ പരാമര്‍ശമുള്ള മുദ്രാവാക്യത്തിനെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കി. അതിനിടെ പ്രവര്‍ത്തകനെ യൂത്ത് ലീഗ് പുറത്താക്കി. കാഞ്ഞങ്ങാട്ടെ അബ്ദുല്‍ സലാമിനെയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയത്. റാലിയില്‍ ലീഗിൻ്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അതിനാല്‍ സലാമിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ പൊലീസ് ഉടൻ പിടികൂടുമെന്നാണ് സൂചന.
