
കൊറോണ എന്ന അതി മനോഹരമായ വാക്കിലറിയപ്പെട്ട മഹാമാരി തുറന്നിട്ട ഭീകരമായ വർത്തമാന കാല പരിതസ്ഥിതിയെക്കുറിച്ച് തിരിച്ചറിയാൻ പറ്റാത്ത തന്‍റെ പ്രായത്തിൽപ്പോലും അതിനെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ സമൂഹത്തെ ബോധവൽക്കരിച്ചു കൊണ്ടിരിക്കുന്ന കൊച്ചു മിടുക്കനുണ്ട് നമ്മുടെ തൊട്ടടുത്ത് . മടിക്കൈ കക്കാട്ടെ ദേവരാജ് എന്ന രണ്ടാം ക്ലാസുകാരൻ.
മൊട്ടത്തലയും വള്ളി ട്രൗസറുമായി സ്വതസിദ്ധമായ പുഞ്ചിരിയോടെ ” മൊട്ടൂസ് ” ചെറിയ വാക്കുകളിലൂടെ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ നമ്മൾ ഗൗരവമായി ശ്രദ്ധിച്ചു പോകുന്നു. തുടർച്ചയായി ദിവസം തോറും യൂട്യൂബിലൂടെ ” മൊട്ടുസ് ” കൊറോണയെ പ്രതിരോധിക്കേണ്ട നുറുങ്ങു വിവരങ്ങൾ കൈമാറിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു.
എൺപത്തിയൊന്നാം എപ്പിസോഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജില്ലയിലും സംസ്ഥാന തലത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമ്പോൾ സ്ഥിരമായി പരാമർശിക്കപ്പെടുന്നവനായി മാറിയിരിക്കുന്നു നമ്മുടെ മൊട്ടൂസ്. ‘മൊട്ടൂസ് ‘ എന്നാണ് ഇതിനകം വൈറലായ പരിപാടിയുടെ പേര്. ലോകം വീടകങ്ങളിൽ കുടുങ്ങിപ്പോയ ഏപ്രിൽ മെയ് മാസങ്ങളിലായിരുന്നു മൊട്ടത്തലയൻ മൊട്ടൂസിന്‍റെ വരവ്. തുടക്കത്തിൽ ആദ്യത്തെ അമ്പത് ദിനങ്ങളിൽ തുടർച്ചയായി ഇടവേളകളില്ലാതെ ദിവസവും
എപ്പിസോഡുകൾ വന്നു.
കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനും ദേവരാജിന്‍റെ പിതാവുമായ കെ. വി രാജേഷ് മാഷാണ് ഈ ആശയത്തിനു പിന്നിലെ പ്രധാനി. ദേവരാജിന്‍റെ അമ്മ റീജയാണ്ഓരോ എപ്പിസോഡിന്‍റെയും രചന നിർവ്വഹിക്കുന്നത്. പെങ്ങൾ ദേവികാരാജും സർവ്വാത്മനാ ഇവരുടെ കൂടെ നിൽക്കുന്നു. മൊട്ടത്തലയും വള്ളി ട്രൗസറും കഴുത്തിലൊരു കറുത്ത ചരടും സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖവുമായി മൊട്ടൂസ്
വീണ്ടും നമ്മുടെ മുന്നിലെത്തുന്നു എൺപത്തി ഒന്നാമത്തെ എപ്പിസോഡുമായി.
കോവിഡിനെതിരെ സ്വീകരിക്കേണ്ട പൊടിക്കൈകളെ കുറിച്ചും ജാഗ്രതയെ കുറിച്ചും മൊട്ടൂസ് പറയുമ്പോൾ പൊതുജനം ഗൗരവത്തിൽ കേട്ടുകൊണ്ടിരിക്കുന്നു. ദേവരാജിന്‍റെ സ്വതസിദ്ധമായ അഭിനയശൈലി ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ പ്രതിദിന സായാഹ്ന പരിപാടിയിൽ നിന്നും പത്രങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ ക്രോഡീകരിച്ചുമാണ്അമ്മ റീജ പരിപാടി തയ്യാറാക്കുന്നത്. അച്ഛൻ രാജേഷ് മാഷ് തന്നെയാണ്പരിപാടി സംവിധാനം ചെയ്യുന്നതും ക്യാമറ ചലിപ്പിക്കുന്നതും.

രാജേഷ് മാഷ് കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ. എസ്. ടി. എ ജില്ലാ
ജോയിന്റ് സെക്രട്ടറി എന്നിവയ്ക്ക് പുറമേ അറിയപ്പെടുന്ന കഥാകൃത്തുമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, റവന്യുമന്ത്രി ഇ . ചന്ദ്രശേഖരൻ തുടങ്ങിയവർ
മൊട്ടൂസിനെ അഭിനന്ദിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ സജിത് ബാബു മുൻ എം.പി പി.കരുണാകരൻ , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷണൻ മാസ്റ്റർ , ഡി. ഡി. ഇ. കെ. വി പുഷ്പ ടീച്ചര്‍ എന്നിവര്‍ വീട്ടിലെത്തിയാണ് ദേവരാജിനെ അനുമോദിച്ചത്. കവികളായ സോമൻ കടലൂർ, രാവുണ്ണി, മാധവൻ പുറച്ചേരി, പത്മശ്രി മട്ടന്നൂർ ,പെരുവനം തുടങ്ങി മൊട്ടൂസിനെ അനുമോദിച്ചവരുടെ നിര വളരെ വലുതാണ്. റേഡിയോ മാംഗോയും കബ്ബ് എഫ്. എമ്മും പ്രാദേശിക ചാനലുകളും മൊട്ടൂസിനെ പ്രത്യേക പരിപാടിയാക്കിയിട്ടുണ്ട്.
നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ ,ക്ലബ്ബുകൾ ,പുരുഷ സംഘങ്ങൾ ,കുടുംബശ്രീ ,തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ മൊട്ടൂസിനെ അഭിനന്ദിച്ചിട്ടുണ്ട്. മൊട്ടൂസ് 2021 ഏപ്രിൽ 18 ന് ഒന്നാം വാർഷികം ആഘോഷിക്കുകയാണ്.
