തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ കേസില്‍ അമ്മ അറസ്റ്റില്‍, അറസ്റ്റിലായ ഇടനിലക്കാരൻ സുഹൃത്ത് റിമാണ്ടിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ കേസില്‍ അമ്മ അറസ്റ്റില്‍, അറസ്റ്റിലായ ഇടനിലക്കാരൻ സുഹൃത്ത് റിമാണ്ടിൽ

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് തമ്പാനൂര്‍ പൊലീസിൻ്റെ പിടിയിലായത്. ഇവരെ മാരായമുട്ടത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നാണ് പിടികൂടിയത്. തൈക്കാട് ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമുളള കുട്ടിയെ മൂന്ന് ലക്ഷം രൂപയ്ക്കാണ് കരമന സ്വദേശിനി വാങ്ങിയത്. ഇവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

തിരുവനന്തപുരത്തെ ഏറ്റവും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നിൽ കഴിഞ്ഞ മാസമാണ് നവജാത ശിശുവിൻ്റെ വില്‍പന. നാലാം ദിവസം ആശുപത്രിയില്‍ തന്നെ കുട്ടിയെ വില്‍ക്കുകയായിരുന്നു. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും ശിശുവിൻ്റെ കരച്ചില്‍ കേട്ടതാണ് സംഭവത്തില്‍ നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിൻ്റെ വില്‍പ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു.

ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സി.ഡബ്ല്യു.സി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും യഥാര്‍ത്ഥ അമ്മയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. രണ്ടാഴ്‌ചയോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തില്‍ ഇടനിലക്കാരനായി നിന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിൻ്റെ അമ്മയുടെ സുഹൃത്ത് നെടുമങ്ങാട് പുല്ലമ്പാറ ചുള്ളാളം ആയിരവല്ലി ശിവ ക്ഷേത്രത്തിന് സമീപം റോഡരികത്ത് പുത്തന്‍കര വീട്ടില്‍ ജിത്തു(27)വിനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്‌തു. അതേസമയം, നവജാത ശിശുവിനെ വിലയ്ക്കു വാങ്ങിയ കേസിലെ പ്രതിയായ യുവതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷന്‍ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

0Shares