പുതുപ്പള്ളിയിലേക്ക് കൂടുതൽ മന്ത്രിമാർ; മുഖ്യമന്ത്രി മൂന്ന് ദിവസം മണ്ഡലത്തില്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പുതുപ്പള്ളിയിലേക്ക് കൂടുതൽ മന്ത്രിമാർ; മുഖ്യമന്ത്രി മൂന്ന് ദിവസം മണ്ഡലത്തില്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രചരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക്.സി തോമസിനായി പ്രചാരണത്തിനിറങ്ങും. മുഖ്യമന്ത്രി മൂന്ന് ദിവസവും മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന പൊതുപരിപാടികളും പങ്കെടുക്കുന്നതിനായി പുതുപ്പള്ളിയിലെത്തും.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കി വോട്ട് പിടിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ഇതിനായി മണ്ഡലത്തിലുടനീളം വികസന സദസുകള്‍ സംഘടിപ്പിക്കും.

ഓഗസ്റ്റ് 24ന് നടക്കുന്ന പരിപാടിയില്‍ മാത്രമാകും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ ഒന്നിനും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി വീണ്ടും മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും.

24ന് പുതുപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടിയില്‍ സംസാരിച്ചു കൊണ്ടാകും മുഖ്യമന്ത്രി പ്രചാരണത്തിന്‍റെ ഭാഗമാവുക. തുടര്‍ന്ന് 30ന് കൂരോപ്പട, മീനടം, മണർകാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിന് മറ്റക്കര, പാമ്പാടി, വാകത്താനം പഞ്ചായത്തുകളിലും മുഖ്യമന്ത്രി സംസാരിക്കും. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പിണറായി വിജയനെ പങ്കെടുപ്പിക്കും വിധത്തിലാണ് പ്രചാരണം ആസുത്രണം ചെയ്‌തിരിക്കുന്നത്.

കേരളത്തിന്‍റെ പൊതുവികസത്തിന് ഒപ്പമെത്താന്‍ ഇതുവരെ പുതുപ്പള്ളിയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പറഞ്ഞത്. ഈ വിഷയം പരമാവധി മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നതിന് 23,25,36 തീയതികളിലായി മന്ത്രിമാരെ പങ്കെടുപ്പിച്ചു കൊണ്ട് വികസന സദസ് എല്‍.ഡി.എഫ് സംഘടിപ്പിക്കും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളെ 23 മേഖലകളായി തിരിച്ച് ‘പുതുപ്പള്ളിയും മറ്റ് ഇടങ്ങളും’ എന്ന തരത്തില്‍ താരതമ്യം ചെയ്യുക എന്നതാണ് പരിപാടികൊണ്ട് മുന്നണി ലക്ഷ്യം വെക്കുന്നത്. 22ന് പാമ്പാടിയില്‍ നടക്കുന്ന വനിത അസംബ്ലിയില്‍ മുതിര്‍ന്ന നേതാവും പി.ബി അംഗവുമായ സുഭാഷിണി അലി പങ്കെടുക്കും.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്‌തുകൊണ്ടാണ് യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി ജോസഫുമാണ് മണ്ഡലത്തിലെ പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എം.പി , എ.കെ ആന്‍റണി എന്നിവരും ചാണ്ടി ഉമ്മനായി കളത്തിലറങ്ങും.

0Shares