
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വ്യാജ ഐ.ഡി കാർഡ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ് ചലച്ചിത്രതാരത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭി വിക്രത്തിൻ്റെ ഫോണില്‍ നിന്നാണ് നടന്‍റെ ഫോട്ടോയുള്ള കാര്‍ഡ് കണ്ടെടുത്തത്.
വ്യാജ ഐഡന്റിറ്റി കാർഡ് ഉണ്ടാക്കിയ കേസ് സി.ബി.ഐ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. കേസിൽ ബാഹ്യ ഇടപെടൽ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരിക്കുന്നത്.
കേസിൻ്റെ വിശദാംശങ്ങൾ പോലീസ് ഡയറക്ടർ ജനറലിന് (ഡി.ജി.പി) കൈമാറും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾക്കായി ഡി.ജി.പി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

ഈ കേസിൽ ഇതുവരെ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണന്‍ എന്നിവർക്കാണ് ജാമ്യം. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് വേണ്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇവരെല്ലാം യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടവുമായി അടുപ്പമുള്ളവരാണ്.
നാല് പ്രതികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. അടൂര്‍, പന്തളം എന്നിവിടങ്ങളിലായി കൂടുതൽ വ്യാജ ഐ.ഡി കാർഡുകൾ നിർമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇവിടങ്ങളിലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
