
സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കേരളത്തിൽ ടി.പി.ആർ കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്‌ടോബർ നാലിന് തുറക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാം.
ബയോബബിൾ മാതൃകയിൽ വേണം തുറന്നു പ്രവർത്തിക്കാൻ. അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്‌നിക്കൽ/പോളി ടെക്‌നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും.
