അവയവ കടത്ത് കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന്; അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുന്നു: ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അവയവ കടത്ത് കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന്; അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുന്നു: ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന

കൊച്ചി: അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ പിടിയിലായ സജിത്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയ ആളാണ്.

അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ ഹൈദരാബാദിലും ബെംഗളൂരുവിലും പരിശോധനകൾ നടത്തുമെന്നും ആലുവ റൂറൽ എസ്.പി പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. അവയവക്കടത്ത് സംഘവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് ഇയാൾ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായത്. സാബിത്ത് നാസറിൻ്റെ ഫോൺ വിവരങ്ങളും, അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതിൽ നിന്നാണ് സജിത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

കൊച്ചിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി. അതേസമയം കേസിൽ ആദ്യം അറസ്റ്റിൽ ആയ സാബിത്ത് നാസറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്‌തത്. സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്.

ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് കസ്റ്റഡിയിൽ വിട്ടു കൊടുത്തിട്ടുള്ളത്.

0Shares