
ലെയ്സ് പാക്കറ്റിൽ തൂക്കം കുറഞ്ഞതിനെ തുടർന്ന് കമ്പനിക്ക് പിഴ ചുമത്തി സംസ്ഥാന സർക്കാർ. പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ കുറഞ്ഞ അളവാണ് അതിൽ നൽകിയിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലെയ്‌സ് ബ്രാൻഡിൻ്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് പിഴ ചുമത്തിയത്. 85,000 രൂപയാണ് പിഴയടക്കേണ്ടത്.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റ് പി.ഡി ജയശങ്കറാണ് പാക്കറ്റിലെ തൂക്കക്കുറവ് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. പരാതിയെ തുടർന്ന് തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി മൾട്ടി പർപ്പസ് സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ ലെയ്സ് പാക്കറ്റുകൾ പരിശോധിച്ചു.
ഒരു ലെയ്സ് പാക്കറ്റിൻ്റെ തൂക്കം 115 ഗ്രാമാണ്. എന്നാൽ, മൂന്ന് പാക്കറ്റുകളിൽ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. തുടർന്ന് തൃശൂർ ലീഗൽ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കൺട്രോളറാണ് കമ്പനിക്ക് പിഴ ചുമത്തിയത്.
