തണുക്കും ഇനി കേരളം; പെട്ടെന്നുള്ള മഴയുടെ കാരണം ഇതാണ്, മൺസൂൺ എന്നെത്തും

You are currently viewing തണുക്കും ഇനി കേരളം; പെട്ടെന്നുള്ള മഴയുടെ കാരണം ഇതാണ്, മൺസൂൺ എന്നെത്തും

ചൂടിന് ശമനമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയെത്തി. മധ്യകേരളത്തിലെ ജില്ലകളിൽ മെയ് ആദ്യത്തോടെ നേരിയ മഴ ലഭിച്ച് തുടങ്ങിയെങ്കിലും മറ്റ് ജില്ലകളിൽ മഴ വിട്ടുനിന്നു. കനത്ത ചൂട് തുടരുന്നതിനിടെ ബുധനാഴ്‌ചയോടെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയെത്തി തുടങ്ങി. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴയാണ് പലയിടത്തും ലഭിച്ചത്.

ഉയർന്ന താപനില തുടരുന്നതിനിടെ ആണ് ആശ്വാസമായി വേനൽ മഴ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എല്ലാ ജില്ലകളിലും മഴ ലഭിച്ചു. മലയോര പ്രദേശങ്ങളിലടക്കം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ടും മുന്നറിയിപ്പും നൽകുകയും ചെയ്‌തു. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മെയ് അവസാനത്തോടെ സംസ്ഥാനത്ത് മഴ കരുത്താർജ്ജിക്കും എന്നാണ് റിപ്പോർട്ടുകൾ. ന്യൂനമർദ്ദ പാത്തിയും തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും ആണ് കേരളത്തിൽ പെട്ടെന്ന് മഴയെത്താൻ കാരണമായത്.

Courtesy: Glow Blogs Education Scotland, Pinterest

മഴ എത്തിയതോടെ സംസ്ഥാനം മൺസൂണിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. പതിനെട്ടാം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും എന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിൽ എത്താൻ ഇനി അധികം വൈകില്ലെന്നാണ് കാലാവസ്ഥാ വിദഗ്‌ധർ സൂചന നൽകുന്നത്.

കഴിഞ്ഞവർഷം വൈകിയാണ് കാലവർഷം കേരളത്തിൽ സജീവമായത്. സാധാരണ ജൂൺ ഒന്നിന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ വർഷം എട്ട് ദിവസം വൈകിയാണ് കാലവർഷം എത്തിയത്. മഴയുടെ കുറവും പോയ വർഷമുണ്ടായി.

കേരളത്തിന് 34 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. എൽ നിനോ കഴിഞ്ഞ് വരുന്ന മാസങ്ങളിലെത്തുന്ന മൺസൂൺ കൂടുതൽ ശക്തമാകാറുണ്ട്. എൽ നിനോ പ്രതിഭാസം മൂലമാണ് സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്‌തത്. ഈ പ്രതിഭാസം ഒഴിവായതോടെ സംസ്ഥാനത്ത് മഴയുടെ സാധ്യതകൾ ശക്തമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Report: Peethambaran Kuttikol

0Shares