
ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് എൻ.ഡി.എയിൽ നിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും രാജ്യത്ത് ഇത്തവണ നാനൂറിലധികം സീറ്റുകൾ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിൽ എത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ‘സ്വാമിയെ ശരണമയ്യപ്പാ’ എന്ന് ശരണം വിളിച്ചു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
‘കേരളത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരുകളാണ് മാറി മാറിവരുന്നത്. കേരളത്തിലെ റബർ കർഷകർ വളരെ ബുദ്ധിമുട്ടുന്നു. എൽ.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കുകയാണ്. കേരളത്തിൽ നിയമ സംവിധാനം മോശമാണ്. ക്രൈസ്തവ പള്ളികളിലെ പുരോഹിതരടക്കം അക്രമത്തിന് ഇരയാവുന്നു. കേരളത്തിലെ കോളേജുകൾ കമ്മ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുകയാണ്.

ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നത്. കേരളത്തിലെ ഈ മോശം സ്ഥിതിയ്ക്ക് മാറ്റം വരണമെങ്കിൽ മാറിമാറി വരുന്ന സർക്കാരുകൾ ഇല്ലാതാകണം. എന്നാൽ, മാത്രമേ കേരളത്തിന് മോചനം ഉണ്ടാകൂ’- പ്രധാനമന്ത്രി പറഞ്ഞു.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം 2.20 ഓടെ റോഡുമാർഗം പൊതുസമ്മേളന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് അദ്ദേഹം സമ്മേളന വേദിയിലെത്തിയത്. കന്യാകുമാരിയിലെ പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം പത്തനംതിട്ടയിൽ എത്തിയത്.
സമ്മേളന വേദിയിൽ എത്തിയ മോദിയെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലേത്. എൻ.ഡി.എ സ്ഥാനാർത്ഥികളായ അനിൽ ആൻ്റെണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), വി.മുരളീധരൻ (ആറ്റിങ്ങൽ) എന്നിവരടക്കം വേദിയിലെത്തി.
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖൻ, അൽഫോൺസ് കണ്ണന്താനം, ജോർജ് കുര്യൻ, തുഷാർ വെള്ളാപ്പള്ളി, പത്മജ വേണുഗോപാൽ, പി.സി ജോർജ്, ഷോൺ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
