
ചൈനയില്‍ നിന്നും പാകിസ്ഥാന്‍ സ്വന്തമാക്കിയ യുദ്ധക്കപ്പലുകള്‍ ഒരു ഉപയോഗവുമില്ലാത്ത കാഴ്ചവസ്തുക്കളാണെന്ന് റിപ്പോര്‍ട്ട്. നിരവധി സാങ്കേതിക പോരായ്മകള്‍ ഈ കപ്പലുകളുടെ പ്രവര്‍ത്തനത്തെ നിരന്തരമായി തടസപ്പെടുത്തുന്നുവെന്ന് പ്രതിരോധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ നാവിക സേനയുടെ ഭാഗമായിട്ടുള്ള ചൈനീസ് നിര്‍മ്മിത മള്‍ട്ടിറോള്‍ ഫ്രിഗേറ്റുകള്‍ക്കാണ് സാങ്കേതിക പ്രശ്‌നങ്ങളുള്ളത്.
കപ്പലില്‍ നിന്നും മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. 2009 ജൂലൈയില്‍ നാല് ചൈനീസ് യുദ്ധക്കപ്പലുകള്‍ വാങ്ങുവാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചത്. ഇതില്‍ മൂന്നെണ്ണം ചൈന ഷിപ്പ് ബില്‍ഡിംഗ് ട്രേഡിംഗ് കമ്പനിയില്‍ നിന്നും നേരിട്ടും, ഒരെണ്ണം ചൈനീസ് കമ്പനിയുമായുള്ള സാങ്കേതിക കൈമാറ്റ കരാറോടെ കറാച്ചി ഷിപ്പ്യാര്‍ഡ് ആന്‍ഡ് എഞ്ചിനീയറിംങ് വര്‍ക്ക്‌സില്‍ നിര്‍മ്മിച്ചതുമാണ്. 2013നുള്ളില്‍ കരാര്‍ പ്രകാരം നാല് കപ്പലുകളും പാക് നാവിക സേനയ്ക്ക് കൈമാറി.

750 മില്യണ്‍ ഡോളറിൻ്റെ കരാറാണ് യുദ്ധക്കപ്പലുകള്‍ക്കായി പാകിസ്ഥാന്‍ ചൈനയുമായി ഒപ്പുവച്ചത്. വ്യോമ പ്രതിരോധം, ശത്രുവിൻ്റെ കപ്പലുകളെ തടയല്‍, വാണിജ്യ റെയ്ഡിംഗ്, പട്രോളിംഗ്, എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൻ്റെ സംരക്ഷണം, ഹെലിബോണ്‍ ഓപ്പറേഷന്‍സ് എന്നീ വിവിധ ഉദ്ദേശങ്ങള്‍ക്ക് അനുയോജ്യമായ കപ്പലുകളാണ് പാകിസ്ഥാന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ കൈമാറിയ ശേഷം പാക് നേവിയുടെ പ്രവര്‍ത്തനത്തില്‍ കപ്പലില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കുമ്പോള്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു.
മിസൈല്‍ സിസ്റ്റത്തിൻ്റെ ഓണ്‍ബോര്‍ഡ് ഇമേജിംങ് ഉപകരണത്തിനുണ്ടായ തകരാറാണ് പ്രധാന കാരണം. തെറ്റായ ദിശയില്‍ മിസൈല്‍ അയക്കുവാന്‍ ഇത് ഇടയാക്കും. ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാന്‍ സിസ്റ്റത്തിന് കഴിയാത്തതിനാല്‍ മിസൈലുകളുടെ ഉപയോഗം ഫലമില്ലാതെയാവുന്നു. ഇതിന് പുറമെ കപ്പലിലെ ഇന്‍ഫ്രാറെഡ് സെന്‍സറുകളിലും തകരാര്‍ കണ്ടെത്തി. ഇതിന് പുറമേ പീരങ്കി തോക്കുകളിലും പോരായ്മ കണ്ടെത്തി.
ഇത് ആദ്യമായിട്ടല്ല ചൈനയുടെ ആയുധങ്ങള്‍ വാങ്ങി പാകിസ്ഥാന്‍ അബദ്ധത്തിലാവുന്നത്. അടുത്തിടെ പാകിസ്ഥാന്‍ സൈന്യം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടാങ്കുകള്‍ക്കും, പീരങ്കി തോക്കുകള്‍ക്കും ഗുണനിലവാരത്തില്‍ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലോകത്തിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളായ അമേരിക്ക, റഷ്യ എന്നിവയുടേത് പോലെ ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ചൈനയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. പ്രധാനമായും ചൈനീസ് ആയുധങ്ങള്‍ യുദ്ധത്തില്‍ പരീക്ഷിക്കപ്പെടുന്നില്ലെന്നതും പോരായ്മയാണ്.
