
ആലപ്പുഴ: ആറ് ദശാബ്‌ദത്തിലേറെ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ ജി.സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാർട്ടിക്ക് “ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും” സജി ചെറിയാൻ പരിഹസിച്ചു. പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിൽ ഒരു ദ്രോഹവും സി.പി.എം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾ പാർട്ടി വിട്ടാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ആലപ്പുഴയിലെ പാർട്ടി നേതാക്കളെ അദ്ദേഹം ഗുണ്ടകൾ എന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെയെങ്കിൽ അദ്ദേഹവും ഞാനും അടങ്ങുന്ന എല്ലാവരും ഗുണ്ടകളാണോ.? എന്നും അദ്ദേഹം ചോദിച്ചു.
പാർട്ടിയുടെയും നിലവിലെ നേതാക്കളുടെയും സ്ഥാപിത നയങ്ങളിൽ പൊരുത്തപ്പെടാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയും കൂടിയായ ജി സുധാകരൻ 60 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിക്കുകയാണ് ചെയ്തത്. പാർട്ടി വിട്ട് അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവും നടത്തി. ഇത് ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. സുധാകരനെ യുഡിഎഫ് പിന്തുണക്കാനും സാധ്യതയുണ്ട്.
