ഇപ്പ ശര്യാക്കിത്തരാം എന്ന് പപ്പു പറഞ്ഞില്ലേ, ഇതും സിനിമയായി മാത്രം കണ്ടാല്‍ മതി; പ്രതികരണവുമായി മന്ത്രി റിയാസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇപ്പ ശര്യാക്കിത്തരാം എന്ന് പപ്പു പറഞ്ഞില്ലേ, ഇതും സിനിമയായി മാത്രം കണ്ടാല്‍ മതി; പ്രതികരണവുമായി മന്ത്രി റിയാസ്

കോഴിക്കോട്: കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും സ്വീകരിക്കുമെന്നും സിനിമയുടെ പരസ്യത്തെ ആ നിലയില്‍ തന്നെ എടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

‘സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ അറിയില്ല. പലകാലങ്ങളിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച്‌ സിനിമകളില്‍ ട്രോളുകള്‍ ഉണ്ടായിട്ടുണ്ട്. വെള്ളാനകളുടെ നാട് സിനിമയില്‍ കുതിരവട്ടം പപ്പുവിൻ്റെ കഥാപാത്രം പറയുന്ന താമരശേരി ചുരവുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഇന്നും ഹിറ്റല്ലേ.

‘ഇപ്പൊ ശര്യാക്കിത്തരാം’ എന്നൊക്കെ പറയുന്നത് ഇന്നും നാം പറഞ്ഞു നടക്കുന്നില്ലേ? ഇതും സിനിമയും അതിൻ്റെ പരസ്യവുമായി മാത്രം കണ്ടാല്‍ മതി. ജനങ്ങളെ സംബന്ധിച്ച്‌ കേരളത്തിൻ്റെ ദീര്‍ഘകാലമായുള്ള ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് വകുപ്പിൻ്റെയും അഭിപ്രായം.’- മന്ത്രി പറഞ്ഞു.

‘റോഡുകള്‍ നന്നാക്കുന്നതിനായി പല തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി കൊണ്ടിരിക്കുകയാണ്. ഒന്നാമതായി ശരിയായ ‌ഡ്രെയിനേജ് സംവിധാനം സംസ്ഥാനത്ത് വേണം. എന്നാലേ റോഡുകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. രണ്ടാമത്തെത് കാലാവസ്ഥയുടെ പ്രശ്നമാണ്. മൂന്നാമതായി തെറ്റായ പ്രവണതകളാണ്. അങ്ങനെ പറഞ്ഞാല്‍ റോഡില്‍ ചെലവഴിക്കേണ്ട പണം ചെലവഴിക്കപ്പെടാതെ പോകുക. അത് വച്ചുപൊറുപ്പിക്കാന്‍ പറ്റാത്ത ഒന്നാണ്. അതിന് ഒരു കൂട്ടുക്കെട്ട് ഉണ്ടാകുന്നു. അതിനോട് സന്ധി ചെയ്യുന്നവരല്ല സര്‍ക്കാര്‍. കാലാവസ്ഥയുടെ പ്രത്യേകത കണ്ട് പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താന്‍ പറ്റുമെന്നാണ് നോക്കുന്നത്. വിമര്‍ശനവും നിര്‍ദേശങ്ങളും ഏത് നിലയില്‍ നിന്നും സ്വീകരിക്കും.’- മന്ത്രി റിയാസ് പ്രതികരിച്ചു.

0Shares