എം.സി ഖമറുദ്ദീൻ എം.എൽ.എയെ കാസര്‍കോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി; വിവിധ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് യു.ഡി.എഫ്

  • Post category:local news / news
  • Reading time:1 min read
You are currently viewing എം.സി ഖമറുദ്ദീൻ എം.എൽ.എയെ കാസര്‍കോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി; വിവിധ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് യു.ഡി.എഫ്

നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എം.എൽ.എയെ യു.ഡി.എഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ് ചെയർമാൻസ്ഥാനം. ജോസ് കെ. മാണി പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു. ജോസ് കെ. മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്.

കാസർകോട് മുൻമന്ത്രിയും ലീഗ് നേതാവുമായ സി.റ്റി അഹമ്മദാണ് പുതിയ ജില്ലാ ചെയർമാൻ. ഒപ്പം ജോസ് കെ. മാണി മുന്നണിവിട്ടതോടെ, കോട്ടയം ജില്ലാ യു.ഡി.എഫ് ചെയർമാൻ സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറി. മോൻസ് ജോസഫ് എം. എൽ. എയാണ് ചെയർമാൻ. അതേസമയം, ജോസ് പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു.

കോട്ടയം ജില്ലയിൽ മാത്രമാണ് ജോസഫ് വിഭാഗത്തിന് ചെയർമാൻ പദവി നൽകിയത്. മൂന്നുജില്ലകളിൽ കൺവീനർ സ്ഥാനവും നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിന് സ്വാധീനമുളള മേഖലകളിൽ, ജോസ് പക്ഷത്തിന്‍റെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണമെന്നാണ് നേതൃത്വത്തിന്‍റെ നിർദേശം.
അടുത്ത ആഴ്ച മുതൽ ജില്ലാ കമ്മിറ്റികൾ യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട.

0Shares