
മട്ടന്നൂരിൻ്റെ വികസന തുടർച്ചയ്ക്കൊപ്പം ജനങ്ങൾ വീണ്ടും അടിയുറച്ചു നിന്നു. നഗരസഭ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തിൽ. എൽഡിഎഫ് സർക്കാരിൻ്റെ വികസന മുന്നേറ്റങ്ങൾ തൊട്ടറിഞ്ഞവരാണ് ഇവിടുത്തെ ജനങ്ങൾ. സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ആ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. കേരളത്തിലെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും സംഘടിതമായി നടത്തുന്ന ദുഷ്പ്രചരണങ്ങൾ മട്ടന്നൂർ ഉപതിരഞ്ഞെടുപ്പിൽ തകർന്നു വീണിരിക്കുകയാണെന്ന് ഇടതുമുന്നണി നേതാക്കൾ പറഞ്ഞു.
ആകെ 35 വാർഡുകളുള്ള മട്ടന്നൂർ നഗരസഭയിൽ 21 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും ജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 7 സീറ്റുകൾ കുറഞ്ഞെങ്കിലും 21 ഇടത്ത് വിജയിച്ച് എൽഡിഎഫിന് ഭൂരിപക്ഷം ഉറപ്പിക്കാനായി. എട്ടു സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ് നഗരസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ നിലമെച്ചപ്പെടുത്തി. പോറോറ, ഏളന്നൂർ, ആണിക്കരി, പെരിഞ്ചേരി, ഇല്ലം ഭാഗം, കളറോഡ്, മരുതായി, മേറ്റടി എന്നീ വാർഡുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കയനി വാർഡ് ഇത്തവണ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.

ബി.ജെ.പിക്ക് മൂന്നിടങ്ങളിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അക്കൗണ്ട് തുറക്കാൻ ആയില്ല. മട്ടന്നൂർ ടൗൺ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി എ.മധുസൂദനൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.വി പ്രശാന്തിനോട് 12 വോട്ടുകൾക്ക് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്ത് എത്തി. മട്ടന്നൂർ നഗരസഭയിൽ ഭരണം നിലനിർത്താൻ ആയതിൻ്റെ ആശ്വാസത്തിലാന്ന് എൽ.ഡി.എഫ്. നഗരസഭയിൽ സീറ്റ് ഇരട്ടിയാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
മട്ടന്നൂർ എച്ച്.എച്ച്.എസ്.എസിലാണ് വോട്ടെണ്ണല്‍ നടന്നത്. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തു. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിരുന്നില്ല. ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം വാർഡ് 34 മേറ്റടിയിലാണ് 95.13 ശതമാനം. വാർഡ് ഒന്ന് മണ്ണൂർ (91.1), വാർഡ് രണ്ട് പൊറോറ (91.71), വാർഡ് 13 പരിയാരം (91.27) എന്നീ വാർഡുകളിലും അടക്കം നാല് വാർഡുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 31 വാർഡുകളിൽ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് വാർഡ് 28 മട്ടന്നൂരിലാണ് 72.35 ശതമാനം.
പോളിങ് ദിനത്തില്‍ നാലാങ്കേരി, മിനി നഗർ തുടങ്ങിയ വാർഡുകളിൽ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിടുകയായിരുന്നു. ഏഴാം വാർഡിലെ മട്ടന്നൂർ പോളിടെക്നിക്ക് ബൂത്തിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയുമുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരുന്നു.
