
അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ഉണ്ടായതായി സ്ഥീരീകരിച്ച് പെന്റഗണ്‍. ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കിടെയാണ് ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ഉണ്ടായത്.

ചാവേര്‍ ആക്രമണമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 13 പേർ മരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നിരവധി പേര്‍ ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കുന്നതിന് സമീപമായിരുന്നു സ്ഫോടനം ഉണ്ടായത്. വിമാനത്താവളത്തിനുള്ളിലേക്കു കടക്കാനെത്തിയ അഫ്ഗാൻ പൗരന്മാർക്ക് സംഭവത്തിൽ പരുക്കേറ്റു. യുഎസ് പൗരന്മാർക്ക് ആർക്കെങ്കിലും പരുക്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് സ്ഫോടനമുണ്ടായതായി പെന്റഗൺ വക്താവ് ജോൺ കിർബി ട്വിറ്ററിൽ സ്ഥിരീകരിച്ചു. പരുക്കേറ്റവരുടെ എണ്ണത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വിമാനത്താവളത്തിലെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു.
