
എന്തൊരു കാര്യത്തെ കുറിച്ചും അറിയാന്‍ പെട്ടെന്ന് നാം എടുത്തു നോക്കുന്നതാണ് വിക്കിപീഡിയ . ലോകത്തെ പ്രശസ്തരായ വ്യക്തികളെ കുറിച്ചും, കടന്നുപോയ ചരിത്രവഴികളെ കുറിച്ചും, സാങ്കേതിക വിദ്യകളെകുറിച്ചും എന്നുവേണ്ട ആകാശത്തിന് കീഴിലുള്ള ഒരു മാതിരിപ്പെട്ട എല്ലാത്തിനെപ്പറ്റിയും അറിവ് നൽകാന്‍ വിക്കിപീഡിയ സഹായകമാണ്. എന്നാല്‍, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം? വിക്കിപീഡിയയില്‍ നാം വായിക്കുന്ന ഓരോ ലേഖനത്തിനും ഒരു എഴുത്തുകാരനും എഡിറ്ററും ഉണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട എഡിറ്റര്‍മാരില്‍ ഒരാളാണ് വിര്‍ജീനിയ നിവാസിയായ സ്റ്റീവന്‍ പ്രൂയിട്ട്.
മൂന്ന് ദശലക്ഷത്തിലധികം ലേഖനങ്ങളാണ് അദ്ദേഹം ഇതുവരെ എഡിറ്റ് ചെയ്തിട്ടുള്ളത്. ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനമുള്ള 25 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ അദ്ദേഹത്തെ 2017 -ല്‍ തെരഞ്ഞെടുത്തിരുന്നു. 2006 മുതല്‍ ആരംഭിച്ചതാണ് അദ്ദേഹത്തിന്റെ ഈ ജോലി. എഡിറ്റിങ്ങിന് പുറമെ ലോകത്തിലെ പ്രശസ്തരായ സ്ത്രീകളെക്കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. വിക്കിപീഡിയയില്‍ ലിംഗവിവേചനം ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിച്ചായിരുന്നു അത്. ഈ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയിലെ മൂന്നിലൊന്ന് ഇംഗ്ലീഷ് ലേഖനങ്ങളും എഡിറ്റ് ചെയ്തത് അദ്ദേഹമാണ്.

അങ്ങനെയാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വിക്കിപീഡിയയില്‍ സെര്‍ അമാന്റിയോ ഡി നിക്കോളാവോ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഓപ്ര കഥാപാത്രത്തിൻ്റെ പേരാണത്. ചരിത്രത്തോട് അഗാധമായ അഭിനിവേശമുള്ളയാളാണ് അദ്ദേഹം. തൻ്റെ പൂര്‍വ്വികരില്‍ ഒരാളായ പീറ്റര്‍ ഫ്രാന്‍സിസ്കോയെ കുറിച്ചുള്ളതായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ലേഖനം.
യു.എസ് കസ്റ്റംസ് ഓഫീസില്‍ ഡോക്യുമെന്റ് വിഭാഗത്തിലാണ് സ്റ്റീവന്‍ ജോലി ചെയ്യുന്നത്. എന്നാല്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന അദ്ദേഹം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഗവേഷണം, എഡിറ്റിംഗ്, എഴുത്ത് എന്നിവയ്ക്കായി മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നു. എന്നാല്‍ ഈ അധിക ജോലിയ്ക്ക് പ്രതിഫലമൊന്നും അദ്ദേഹത്തിന് ലഭിക്കുന്നില്ല. താല്പര്യമാണ് അദ്ദേഹത്തെ ഇതില്‍ പിടിച്ച് നിര്‍ത്തുന്നത്. “എല്ലാം ഇവിടെ സൗജന്യമാണ് എന്ന ആശയം എന്നെ ആകര്‍ഷിച്ചു. എൻ്റെ അമ്മ സോവിയറ്റ് യൂണിയനിലാണ് വളര്‍ന്നത്. അതിനാല്‍ എനിക്കറിയാം അറിവ് സൗജന്യമായി ലഭിക്കുക, വിവരങ്ങള്‍ സൗജന്യമായി ലഭിക്കുക എന്നതിൻ്റെ പ്രസക്തിയെന്താണെന്ന്” അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയനില്‍ വളര്‍ന്ന അമ്മ പറഞ്ഞു തന്നിട്ടുള്ള കഥകളാണ് തന്നില്‍ അറിവിനോടുള്ള താല്പര്യം ജനിപ്പിച്ചതെന്ന് അദ്ദേഹം കരുതുന്നു.
കൂടിപോയാല്‍ രണ്ടോ മൂന്നോ ആഴ്ച മാത്രമാണ് താന്‍ വിക്കിപീഡിയ എഡിറ്റ് ചെയ്യാതെ ഇരുന്നിട്ടുള്ളതെന്ന് സ്റ്റീവന്‍ പറഞ്ഞു. വാസ്തവത്തില്‍, സ്റ്റീവന്‍ പ്രൂയിറ്റിനെ പോലുള്ളവരുടെ സേവനമില്ലാതെ സൈറ്റ് നിലനില്‍ക്കില്ലെന്ന് വിക്കിമീഡിയയുടെ കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് കുയി കിനിയന്‍ജുയിയും പ്രസ്താവിച്ചിരുന്നു. സ്റ്റീവന്‍ തൻ്റെ ഒഴിവു സമയം സൈറ്റിനായി സമര്‍പ്പിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 13 വര്‍ഷത്തിൽ ഏറെയായി.
