മാഷ് പദ്ധതി- മാഷ് റേഡിയോ, മൈക്ക് പ്രചരണം; കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്; മടിക്കൈയിലെ മാഷ് ജോറാണ്

  • Post category:local news
  • Reading time:1 min read
You are currently viewing മാഷ് പദ്ധതി-  മാഷ് റേഡിയോ, മൈക്ക് പ്രചരണം; കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്; മടിക്കൈയിലെ മാഷ് ജോറാണ്

കാസർകോട്: മടിക്കൈ പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും അധ്യാപകര്‍ സജീവമായി. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ രണ്ടും മറ്റ് വാര്‍ഡുകളില്‍ ഒന്നും വീതം അധ്യാപകരാണ് ബോധവത്ക്കരണത്തിനായി രംഗത്തിറങ്ങുന്നത്. ആളുകള്‍ കൂടുന്ന ഇടങ്ങളിലെല്ലാം അധ്യാപകരെത്തുന്നുണ്ട്. വളരെ മികച്ച ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് മാഷ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നടന്നു വരുന്നതെന്നും അതിന്‍റെ പ്രതിഫലനമാണ് പഞ്ചായത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവെന്നും പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ പറഞ്ഞു.

കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വാര്‍ഡുകളില്‍ മാഷ് പദ്ധതിയുടെ ഭാഗമായി രണ്ട് ആഴ്ച ഇടവേളയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. മൂന്ന് വാര്‍ഡുകളുടെ പ്രധാന ഇടങ്ങളിലും മൈക്ക് ഉപയോഗിച്ച് ബോധവത്ക്കരണം നടത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി രൂപം നല്‍കിയ മാഷ് റേഡിയോയ്ക്ക് മികച്ച ജന പിന്‍തുണയാണ് ലഭിച്ചു വരുന്നത്.14 വാര്‍ഡുകളിലും 250 പേരുള്ള പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി റേഡിയോ പരിപാടിയും മൊട്ടൂസ് എന്ന ബോധവത്ക്കരണ വീഡിയോയും ആളുകളിലേക്ക് എത്തിക്കുന്നു.

ജില്ലാ തലത്തിലുള്ള കോവിഡ് വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം പഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളില്‍ നിന്നും അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളും പഞ്ചായത്ത് പരിധിയിലെ മറ്റ് ഉദ്യോഗസ്ഥരുടെ സന്ദേശങ്ങളും റേഡിയോ പരിപാടിയിലൂടെ ജനങ്ങളിലെത്തിക്കുന്നുണ്ട്. വൈകീട്ട് എട്ടിനാണ് റേഡിയോ പരിപാടി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പൊതു ജനങ്ങള്‍ക്ക് നല്‍കുന്നത്.

മാഷ് പദ്ധതി പ്രാവര്‍ത്തികമായതിന് ശേഷം പഞ്ചായത്തില്‍ പ്രകടമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും മാസ്‌ക്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ സന്ദേശങ്ങളും കോവിഡ് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളുമെല്ലാം കൃത്യമായി ജനങ്ങളിലേക്കെത്തുന്നതിനാല്‍ എല്ലാ പേരും ജാഗ്രതയിലാണെന്നും മാഷ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകനായ കെ.വി രാജേഷ് പറഞ്ഞു.

0Shares