നാടിനെ മാലിന്യ മുക്തമാക്കുക ലക്‌ഷ്യം; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹരിതസേന സംഗമം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing നാടിനെ മാലിന്യ മുക്തമാക്കുക ലക്‌ഷ്യം; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹരിതസേന സംഗമം നടത്തി

കാസർകോട്: നാടിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹരിത കേരളം പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് തല ഹരിത സേന സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 ഗ്രാമ പഞ്ചായത്തുകളിലെയും അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഹരിത കര്‍മ്മ സേനയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ഹരിത കര്‍മ്മ സേന അംഗങ്ങളെ പങ്കെടുപ്പിച്ച് ബ്ലോക്ക് തല ഹരിത സേന സംഗമം നടത്തിയത്. മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മ്മ സേനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.ഹനീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അംഗം എ.ഷംസീന അധ്യക്ഷയായി. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് നവ കേരള കോര്‍ഡിനേറ്റര്‍ ക്രോഡീകരണം നടത്തി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിത കര്‍മ്മ സേനയ്ക്കുള്ള ഒന്നാം സ്ഥാനം മീഞ്ച ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. എന്‍മകജെ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും, പൈവളികെ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശീതള സ്വാഗതവും ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുജിത്ത് നന്ദിയും പറഞ്ഞു.

0Shares