
തലശ്ശേരി / കണ്ണൂർ: ഒരു മെഡിക്കൽ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ കഴിഞ്ഞ അഞ്ചുവർഷമായി ലൈംഗികമായി പീഡിപ്പിച്ച ഹിന്ദി അധ്യാപകനെ വയനാട് അമ്പലവയലിനടുത്ത് തലശ്ശേരി പോലീസ് ഇൻസ്പക്ടർ എം.അനിൽ പിടികൂടി. അമ്പലവയൽ വടുവഞ്ചാലിലെ കൂടിക്കലയം വീട്ടിൽ സുരേഷ് ബാബുവാണ് (39) പിടിയിലായത്. ഇയാളെ തലശ്ശേരിയിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. ഇപ്പോൾ പരാതി പറയുന്ന വിദ്യാർത്ഥിനിയുടെ ക്ലാസ് ടീച്ചറാണ് കുറ്റാരോപിതനായ സുരേഷ് ബാബു.
പത്താംതരത്തിൽ പഠിക്കുന്ന വേളയിൽ തന്നെ പീഡനം ആരംഭിച്ചിരുന്നു എന്നാണ് പരാതി. ഇതേതുടർന്ന് പോക്സോ വകുപ്പിൽ മറ്റൊരു കേസും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കൂടുതൽ നടപടിക്കായി പ്രസ്തുത കേസ് അമ്പലവയൽ പോലിസിന് കൈമാറി. നേരത്തെ സ്‌കൂളിൽ പഠിപ്പിച്ച പരിചയം മുതലെടുത്താണ് ഇയാൾ വിദ്യാർത്ഥിനിയെ വീണ്ടും വീണ്ടും ബലാത്സംഗത്തിനു ഇരയാക്കിയത്. വയനാട് അമ്പല വയലിലെത്തിച്ചും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്.
നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാനും തുടങ്ങി. മെഡിക്കൽ സ്ഥാപനത്തിൽ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വയനാട്ടിൽ നിന്നും തലശ്ശേരിയിലെ സ്ഥാപനത്തിൽ കൊണ്ടുവിടുന്നതും തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതും ഈ അധ്യാപകനാണ്. മെഡിക്കൽ സ്ഥാപനത്തിലും ഹോസ്റ്റലിലും രക്ഷകർത്താവായാണ് ഇയാളുടെ പേരുള്ളത്. അവധി ദിവസങ്ങളിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുമ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നു.
വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം വെളിപ്പെട്ടത്. പോലീസെത്തി മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തിരുന്നത്. അധ്യാപകന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
