
കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂർ പിലിക്കോട് അതിർത്തിയുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. പിലിക്കോട് സ്വദേശി എ സി സുരേന്ദ്രൻ (65) ആണ് അയൽവാസിയായ സനല്‍ കുമാറിന്‍റെ വെടിയേറ്റ് മരിച്ചത്. സംഭവ ശേഷം പ്രതി സനൽ കുമാർ ചീമേനി പോലീസ് സ്റ്റേഷനിൽ സ്വമേധയാ കീഴടങ്ങി.

കൊല്ലപ്പെട്ട സുരേന്ദ്രൻ ഇന്ന് തന്‍റെ പുരയിടത്തിലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. എന്നാല്‍ ഇത് തന്‍റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിർത്തു. ഇതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായത്.
തര്‍ക്കം ഒടുവിൽ അടിപിടിയിൽ എത്തുകയും കയ്യിൽ കരുതിയ എയർ ഗൺ ഉപയോഗിച്ച് സുരേന്ദ്രന്(65) നേരെ സനൽ കുമാർ നിറയൊഴിക്കുകയുമായിരുന്നു. വെടിയേറ്റ സുരേന്ദ്രൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് സനല്‍ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയും കീഴടങ്ങുകയുമായിരുന്നു.
