
തൃശൂരിൽ നടന്ന മഹാജനസഭയോടെ കോൺഗ്രസിൻ്റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം. കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ ഫെഡറൽ സംവിധാനങ്ങൾ നിലനിൽക്കണമെങ്കിൽ ബി.ജെ.പിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിനെതിരെ ഖർഗെ ഒരക്ഷരം മിണ്ടാതിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് സി.പി.ഐഎമ്മിന് എതിരായ വിമർശനമാണ്.
അണികളെ നിരത്തി തേക്കിൻകാട് മൈതാനത്ത് കോൺഗ്രസിൻ്റെ ശക്തി പ്രകടനം. ഓരോ ബൂത്തുകളിൽ നിന്നും മൂന്ന് വീതം ഭാരവാഹികളും മണ്ഡലം മുതൽ എ.ഐ.സി.സി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും സമ്മേളനത്തിൽ അണിനിരന്നപ്പോൾ തേക്കിൻകാട് ത്രിവർണത്തിൽ മുങ്ങി.

ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിൻ്റെ പ്രവർത്തന രീതിയിൽ അടിമുടി മാറ്റം കൊണ്ടു വരാൻ ലക്ഷ്യമിട്ട് നടത്തിയ സമ്മേളനം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്‌തു. പ്രസംഗത്തിൽ ഉടനീളം കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച ഖർഗെ, ഫെഡറൽ സംവിധാനത്തെ കേന്ദ്രം തകർത്തുവെന്നും ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും കൊടി ഉയരാൻ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്‌തു.
ഇന്ത്യാ സഖ്യത്തിനൊപ്പമുള്ള ഇടതുപക്ഷത്തെ ദേശീയ അധ്യക്ഷൻ തൊടാതിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് പിണറായി സർക്കാരിന് എതിരായ വിമർശനം.
കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി തുടങ്ങിയ നേതാക്കൾ മഹാജനസഭയിൽ പങ്കെടുത്തു. ഒരുമാസം മുമ്പ് തൃശൂരിൽ നിന്ന് ബി.ജെ.പി തുടങ്ങിവച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള രാഷ്ട്രീയ മറുപടി കൂടിയായി കോൺഗ്രസിൻ്റെ മഹാ ജനസഭ.
