ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത്; അബ്‌ദുസമദ് സമദാനി പൊന്നാനിയിൽ, മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത്; അബ്‌ദുസമദ് സമദാനി പൊന്നാനിയിൽ, മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ മുഹമ്മദ് ബഷീറും സിറ്റിങ് എം.പിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചു മാറുകയാണ്. ഇതിനൊപ്പം തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എം.പി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക.

പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെൻ്റെറി പാര്‍ട്ടി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.

പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷമാണ് ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കന്നി അങ്കത്തിനിറങ്ങുന്നത്. നാലുതവണ നിയമസഭാ അംഗവും കെ.കരുണാകരന്‍, എ.കെ ആൻ്റെണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗവുമായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ.ടി മുഹമ്മദ് ബഷീര്‍ 2009 മുതല്‍ ലോക്‌സഭയില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുന്നു.

എഴുത്തുകാരനും വാഗ്മിയുമായ അബ്ദുസമദ് സമദാനി മലപ്പുറത്തെ സിറ്റിങ് എം.പിയാണ്. പതിനേഴാം ലോക്‌സഭാംഗം ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് 2021ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദാനി എം.പിയായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ സമദാനിക്ക് പൊന്നാനിയില്‍ ഇത് കന്നിയങ്കമാണ്. 2011 മുതല്‍ 2016 വരെ നിയമസഭയിലും 1994 മുതല്‍ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു.

രാമനാഥപുരത്തെ സിറ്റിങ് എം.പി നവാസ് കനി തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗിൻ്റെ ഏക ലോക്‌സഭാ അംഗമാണ്.

0Shares