തലക്കകത്ത് ആള്‍താമസമുള്ളവരെ നിയമിക്കണം; സംസ്ഥാനത്തെ ദുരന്തനിവാരണ സേനക്കെതിരെ മേജര്‍ രവി

  • Post category:news
  • Reading time:1 min read
You are currently viewing തലക്കകത്ത് ആള്‍താമസമുള്ളവരെ നിയമിക്കണം; സംസ്ഥാനത്തെ  ദുരന്തനിവാരണ സേനക്കെതിരെ മേജര്‍ രവി

സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ രവി. സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണം എന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്ന് മേജര്‍ രവി കുറ്റപ്പെടുത്തി. പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാനെടുത്ത കാലതാമസം ചൂണ്ടികാട്ടിയായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.

ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിയെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്ത മേജര്‍ രവി ബാബുവിൻ്റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചു. ‘ബാബു ജീവനോടെ തിരിച്ചുവന്നതില്‍ സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും നന്ദി.

ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയതുകൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്‌തോളു. എന്നാല്‍ ദുരന്തനിവാരണ വകുപ്പില്‍ ഒരു ദുരന്തം വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ആളുകളെ, തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെയാണ് വിടേണ്ടത്.’ മേജര്‍ രവി കുറ്റപ്പെടുത്തി.

മലമ്പുഴ ദുരന്തമുഖത്ത് ഹെലികോപ്റ്ററിലുള്ള നിവാരണം സാധ്യമല്ലെന്നിരിക്കെ അപ്രായോഗികമായ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിനേയും മേജര്‍ രവി വിമര്‍ശിച്ചു. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ കരസേനയെ വിളിക്കുന്നതിനൊപ്പം നേവിയേയും ഇന്ത്യന്‍ ആര്‍മിയേയും കൂടി ഫോണില്‍ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ വാടകക്കെടുത്തിട്ട വെള്ളാനയെപോലെ ഇട്ടതൊന്നും ആര്‍ക്കും അറിയേണ്ടതില്ലെന്നും മേജര്‍ രവി പറഞ്ഞു.

0Shares